ആദിശേഖർ കൊലക്കേസ്
വീണ്ടും മികവ് തെളിയിച്ച് കേരള പൊലീസ് ; അപകടമരണം കൊലപാതകമെന്ന് കണ്ടെത്തിയത് പഴുതടച്ച അന്വേഷണത്തിലൂടെ

തിരുവനന്തപുരം: ഒട്ടേറെ കേസുകളിൽ നിസാരമെന്ന് കരുതാവുന്ന സംഭവങ്ങളിൽ നിന്ന് നിർണായക വഴിത്തിരിവുണ്ടാക്കിയ ചരിത്രം കേരളാ പൊലീസ് ആവർത്തിച്ചു. തിരുവനന്തപുരം കാട്ടാക്കടയിൽ അപകടമരണമായി തേഞ്ഞുമാഞ്ഞു പോവേണ്ട കേസ് കൊലപാതകമെന്ന് കണ്ടെത്തിയത് കേരള പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ്. പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതോടെ പൊലീസിന്റെ തൊപ്പിൽ ഒരു പൊൻതൂവൽ കൂടിയായി.
പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15)നെയാണ് അകന്ന ബന്ധുകൂടിയായ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകനായ പ്രതി പ്രിയരഞ്ജൻ പുളിങ്കോട് ക്ഷേത്രത്തോട് ചേർന്ന പറമ്പിൽ സ്ഥിരമായിരുന്ന് മദ്യപിക്കുന്നതും ക്ഷേത്രമതലിൽ മൂത്രമൊഴിക്കുന്നതും ആദി ചോദ്യം ചെയ്തിരുന്നു. ഇതാണ് പ്രതിയെ ക്രൂരകൃത്യത്തിലേക്ക് നയച്ചത്.
2023 ആഗസ്ത് 30ന് വൈകീട്ട് 5.30ന് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ആദിശേഖറിന്റെ മരണം വാഹനാപകടമെന്നായിരുന്നു ആദ്യം കരുതിയത്. കുട്ടിയെ മനഃപൂർവം വാഹനമിടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് കാർ ഓടിച്ച പ്രിജരഞ്ജനെതിരെ കൊലപാതകത്തിന് കേസെടുത്തത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതാണ് കേസിന്റെ ചുരുളഴിച്ചത്. സംഭവത്തിന് ശേഷം പ്രിയരഞ്ജൻ ഫോൺ ഓഫ് ചെയ്‌ത് ഒളിവിൽ പോയതാണ് സംശയത്തിന് ഇടയാക്കിയത്.
സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന ആദിശേഖർ വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറവേ പ്രധാന റോഡിൽ വശത്ത് നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. കാർ ഇടിച്ച് തെറിപ്പിക്കുന്നതും ആദിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദി വരുന്നതിനതിന് അര മണിക്കൂറോളം മുമ്പ് റോഡിൽ കത്ത് നിന്ന് ശേഷം സൈക്കിളിന് പിന്നിൽ കാർ ഇടിപ്പിക്കുകയായിരുന്നു. കുട്ടിയ ഇടിച്ച കാർ സമീപത്ത് ഉപേക്ഷിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. കാട്ടാക്കട എസ്എച്ച്ഒ ഷിബുകുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കൊലപാകതത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 11 ദിവസത്തിന് ശേഷം തമിഴ്‌നാട്ടിലെ കുഴിത്തുറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.









0 comments