കാസർകോട് കൂട്ട ആത്മഹത്യ; കുടുംബത്തിലെ 3 പേർ ജീവനൊടുക്കി, ഒരാളുടെ നില ഗുരുതരം

രാകേഷ്, ഗോപി, ഇന്ദിര, രാജേഷ്,
കാസര്‍കോട്: അമ്പലത്തറ പറക്കളായിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് ജീവനൊടുക്കി. ഒരാളുടെ നില അതീവഗുരുതരം. ഒണ്ടാംപുളി വീട്ടിൽ ഗോപി (60), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് അതീവ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്‌ച പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ. അവശനിലയിലായ ഇളയമകൻ രാകേഷാണ് വീടിന് അകലെ താമസിക്കുന്ന ഇളയച്ഛൻ നാരായണനെ ആസിഡ് കഴിച്ച കാര്യം ഫോണിൽ അറിയിച്ചത്.
നാരായണൻ എത്തി അയൽക്കാരെ വിവരമറിയിച്ച് നാലുപേരയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നുപേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. റബർ ഉറയൊഴിക്കാനായി സൂക്ഷിച്ച ഫോർമിക് ആസിഡാണ് ഉള്ളിൽ ചെന്നത്.
കർഷകരായ ഗോപിയും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്നാണ് പ്രാഥമിക വിവരം. ഗൾഫിലായിരുന്ന രഞ്ചേഷ് മടങ്ങിയെത്തിയ ശേഷം കുടുംബവുമായി ചേർന്ന് കുറച്ചുകാലം പറക്കളായി ചേമന്തോട് മിനി സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. നഷ്ടത്തിലായതിനാൽ ഇത് അടുത്തിടെ പൂട്ടിയ ശേഷം ഹൊസ്ദുർഗ് എച്ച്ഇ എന്റർപ്രൈസസിൽ ജീവനക്കാരനായി. രഞ്ചേഷ് വിവാഹമോചിതനാണ്. രാകേഷ് അവിവാഹിതനാണ്.
ഓമന, നാരായണൻ, കലാക്ഷി എന്നിവരാണ് ഗോപിയുടെ സഹോദരങ്ങൾ. ലക്ഷ്‌മി, കല്യാണി, യശോദ, വിജയകുമാർ, ബാലകൃഷ്‌ണൻ എന്നിവരാണ് ഇന്ദിരയുടെ സഹോദരങ്ങൾ. അമ്പലത്തറ പൊലീസ് അന്വേഷണമാരംഭിച്ചു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വൈകീട്ടോടെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)









0 comments