യുകെയിൽ ജോലി വാഗ്‌ദാനം ചെയ്ത് കാർത്തിക തട്ടിയെടുത്തത്‌ 15 ലക്ഷം; ആറു കേസ്

karthika pradeep kochi
വെബ് ഡെസ്ക്

Published on May 04, 2025, 04:26 PM | 1 min read

കൊച്ചി: യുകെയിൽ ജോലി വാഗ്‌ദാനം ലക്ഷങ്ങൾ തട്ടിയ കേസിൽ ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണൽ കൺസൾട്ടൻസി ഉടമ കാർത്തിക പ്രദീപിനെതിരെ രജിസ്‌റ്റർ ചെയ്‌തത്‌ ആറ്‌ കേസുകൾ. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ വിശ്വാസ വഞ്ചനയ്‌ക്കാണ്‌ എറണാകുളം സെൻട്രൽ പൊലീസ്‌ വെള്ളിയാഴ്‌ച കാർത്തികയെ അറസ്‌റ്റ്‌ ചെയ്‌തത്‌. 5.23 ലക്ഷം രൂപയാണ്‌ തൃശ്ശൂർ സ്വദേശിനിയ്‌ക്ക്‌ നഷ്ടമായത്‌. ആറ്‌ പേരിൽ നിന്ന്‌ 15 ലക്ഷം രൂപ കാർത്തിക പ്രദീപ്‌ തട്ടിയെടുത്തതായാണ്‌ പരാതികളിലുള്ളത്‌. സെൻട്രൽ പൊലീസ്‌ കേസുകളിൽ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കാർത്തികയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട്‌ കോടതിയിൽ സെൻട്രൽ പൊലീസ്‌ തിങ്കളാഴ്‌ച അപേക്ഷ നൽകും.


യുകെയിൽ സോഷ്യൽ വർക്കറായി ജോലി നൽകാമെന്ന്‌ പറഞ്ഞ്‌ പല തവണയായി തൃശ്ശൂർ സ്വദേശിനിയുടെ പക്കൽ നിന്ന്‌ പുല്ലേപടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം 5.23 ലക്ഷം രൂപ കൈപറ്റിയിരുന്നു. 2024 ആഗസ്‌റ്റ്‌ 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ്‌ കാർത്തിക പ്രദീപിന്റെ കലൂർ സൗത്ത്‌ ഇന്ത്യൻ ബാങ്കിലെ അക്കൗണ്ടിലേയ്‌ക്ക്‌ നെഫ്‌റ്റ്‌ ചെയ്‌തും ഗൂഗിൾ പേ വഴിയുമാണ്‌ പണം നൽകിയത്‌. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശ്ശൂരിലാണ്‌ നിലവിൽ താമസിക്കുന്നത്‌.


എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്‌ ജില്ലകളിലെ പൊലീസ്‌ സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്‌. വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ ‘ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ക്ക്‌ ലൈസൻസില്ലെന്ന്‌ കണ്ടെത്തിയിരുന്നു. വിദേശത്തേക്ക്‌ ആളുകളെ കൊണ്ടു പോകാൻ ആവശ്യമായ ലൈസൻസ്‌ കാർത്തിക പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനില്ലെന്ന്‌ വിദേശ മന്ത്രാലയത്തിന്‌ കീഴിലുള്ള പ്രൊട്ടക്റ്റർ ഓഫ്‌ എമിഗ്രേഷൻസ്‌ (പിഒഇ) അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home