കർണാടകത്തിൽ ബ്രൂവറിക്ക്‌ പരവതാനി വിരിച്ച്‌ കോൺഗ്രസ്‌

karnataka congress
avatar
അനീഷ് ബാലൻ

Published on Feb 20, 2025, 02:22 AM | 1 min read


മംഗളൂരു : കഞ്ചിക്കോട്‌ ബ്രൂവറിക്ക്‌ പ്രാരംഭ അനുമതി നൽകിയതിനെതിരെ വാളെടുക്കുന്ന കോൺഗ്രസ്‌ കർണാടകത്തിൽ പരവതാനി വിരിക്കുന്നു. കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ ബ്രൂവറി സ്ഥാപിക്കുന്നതിന്‌ സ്വകാര്യ കമ്പനിയുമായി ധാരണയായി. ഡെന്മാർക്ക്‌ കമ്പനിയുടെ ഇന്ത്യൻ അനുബന്ധസ്ഥാപനം കാൾസ്‌ബെർഗ്‌ ഇന്ത്യ 350 കോടി രൂപ മുതൽമുടക്കും. മൈസൂരുവിലെ നഞ്ചൻഗോഡിൽ 28 ഏക്കറിൽ ബ്രൂവറി വികസിപ്പിക്കാനാണ്‌ ധാരണ. കേരളത്തിലെ പദ്ധതി മുടക്കാൻ കോൺഗ്രസ്‌ നേതാക്കള്‍ വൻ പ്രചാരവേലയാണ് നടത്തുന്നത്.


കർണാടക സർക്കാരിന്റെ നിക്ഷേപ സംരംഭം ‘ഇൻവെസ്റ്റ്മെന്റ് കർണാടക 2025'ലാണ് ധാരണാപത്രം ഒപ്പുവെച്ചത്. പുതിയ നിക്ഷേപത്തോടെ, മൈസുരിലെ പദ്ധതിയിലേക്ക് കാൾസ്‌ബെർഗ്‌ ഇന്ത്യയുടെ മൊത്തം നിക്ഷേപം 600 കോടി രൂപയായി ഉയരും.


ബിയർ ഉൽപാദിപ്പിച്ച്‌ കുപ്പിയിൽ നിറച്ച്‌ നൽകാനാണ്‌ പദ്ധതി. ബ്രൂവറിയുടെ ഉൽപാദനശേഷി വർധിപ്പിച്ച് കമ്പനിയുടെ പ്രധാന വിപണിയായ കർണാടകത്തിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റലാണ് ലക്ഷ്യം. 28 ഏക്കർ വ്യാപ്തിയിലുള്ള ഈ ബ്രുവറിയിൽ നിലവിൽ വർഷം എട്ട്‌ കോടി ലിറ്റർ ബിയർ ഉൽപാദിപ്പിക്കുന്നുണ്ട്‌. കാൾസ്‌ബെർഗ്‌, ടുബോർഗ് ബ്രാൻഡുകളുടെ ഉൽപാദനം ഇവിടെ നിന്നാണ്.


മദ്യനയം: എൽഡിഎഫിൽ ആശയക്കുഴപ്പമില്ല

കേരളത്തിൽ ആവശ്യമുള്ള സ്‌പിരിറ്റും മദ്യവും ഇവിടെ ഉൽപ്പാദിപ്പിക്കുകയെന്ന സർക്കാരിന്റെ മദ്യനയത്തിൽ മുന്നണിയിൽ ആശയക്കുഴപ്പമില്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. എന്നാൽ, കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാത്ത നിലയിലായിരിക്കണം മുന്നോട്ട്‌ കൊണ്ടുപോകേണ്ടത്‌. ഭരണപരമായ നടപടികൾ സർക്കാർ സ്വീകരിക്കും.


അതാണ്‌ നടക്കുന്നത്‌. ഇതിൽ ഒരു വ്യക്തതക്കുറവുമില്ല. എൽഡിഎഫ്‌ യോഗം കഴിഞ്ഞാൽ എന്തോ സംഭവിക്കുമെന്നായിരുന്നല്ലോ മാധ്യമങ്ങളുടെ പ്രചാരണം. മുന്നണി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. ഒരു മുന്നണിയാണെങ്കിലും വ്യത്യസ്‌ത പാർടികളാണ്‌. വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകും. അതൊക്കെ ചർച്ചചെയ്‌ത്‌ ഏകീകരിച്ച ധാരണയിൽ എത്തുകയാണ്‌ രീതി. ജനങ്ങളോടാണ്‌ ഞങ്ങൾക്ക്‌ കൂട്ടുത്തരവാദിത്വം. അത്‌ നിർവഹിച്ചു പോകുന്നുണ്ടെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു. എൽഡിഎഫ്‌ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Home