കണ്ണൂർ വിമാനത്തവളം; നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗമെന്ന് മന്ത്രി കെ രാജൻ

കണ്ണൂർ: വിമാനത്തവളത്തിനായി കൂടുതൽ ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുന്നുവെന്ന് മന്ത്രി കെ രാജൻ. രേഖകൾ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിർണയിക്കും. നടപടികൾ വേഗത്തിൽ ആക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
അതേസമയം, കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു.ഗൗരവമായ വിഷയമാണിത്. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണ്. മട്ടന്നൂർ നിയമസഭാംഗം കെ കെ ശൈലജ ടീച്ചറും നിരന്തരം ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയമാണിത്.കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതിൽ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപ്പെട്ട 21.81 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂർ, പട്ടാനൂർ വില്ലേജുകളിൽപ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും തുടർനടപടി സ്വീകരിച്ചുവരികയുമാണ്.
വിമാനത്താവളത്തിന്റെ റൺവേയുടെ നീളം 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിന് കീഴല്ലൂർ വില്ലേജിൽ ഉൾപ്പെട്ട 245.33 ഏക്കർ ഭൂമി നോട്ടിഫൈ ചെയ്തിരുന്നു. റൺവേ എക്സ്റ്റൻഷന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടി രൂപയും ഉൾപ്പെടെ 900 കോടി രൂപയുടെ നിർദ്ദേശം കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ചിരുന്നു. ഇത് സർക്കാരിന്റെ പരിശോധനയിലാണ്.
കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജാണ് പദ്ധതി പ്രദേശത്തെ കെട്ടിടങ്ങളുടെയും നിർമ്മിതികളുടെയും മൂല്യനിർണ്ണയം നടത്തുന്നത്. 39 നിർമ്മിതികളുടെ മൂല്യ നിർണ്ണയം പൂർത്തിയായിട്ടുണ്ട്. ഈ ഇനത്തിൽ 3,70,466 രൂപ അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. അവശേഷിക്കുന്ന 162 നിർമ്മിതികളുടെ മൂല്യനിർണ്ണയം പൂർത്തിയാകുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.
ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കുന്നവർക്ക് പകരം ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാൽ ഒരു പ്രത്യേക പാക്കേജ് ശിപാർശ ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷിതത്വം കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ കാറ്റഗറി 1 ലൈറ്റിംഗിനായി ഏറ്റെടുത്ത ഭൂമിയോട് അടുത്തു കിടക്കുന്ന 5 കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി നൽകിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ 4.32 കോടി രൂപ റിലീസ് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇതിന് പുറമെ 14 കുടുംബങ്ങളുടെ കൈവശ ഭൂമിയും വസ്തുവകകളും ഏറ്റെടുക്കുന്നതിനും തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സമയബന്ധിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.









0 comments