തിരച്ചിൽ, കാത്തിരിപ്പ്; വിങ്ങലായി കല്യാണി: പോസ്റ്റുമോർട്ടം ഇന്ന്

മൂഴിക്കുളം: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പുത്തൻകുരിശ് മറ്റക്കുഴി കീഴ്‌പ്പിള്ളി സുഭാഷിന്റെ മകൾ കല്യാണിയാണ് മരിച്ചത്. എട്ടുമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ 2.15നാണ് കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കല്യാണിയുടെ അമ്മ സന്ധ്യ ഇപ്പോൾ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാമ് വിവരം. എറണാകുളം റൂറൽ പൊലീസ് സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ താൻ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സന്ധ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സന്ധ്യയ്ക്ക് മാനസിക പ്രശ്നമുള്ളതായും കുടുംബ പ്രശ്നങ്ങൾ ഉള്ളതായും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം സന്ധ്യയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാൻ ഭർത്താവ് സുഭാഷ് തയാറായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, സന്ധ്യയുടെ ബന്ധുക്കുളുടെ ആരോപണം സുഭാഷ് തള്ളി. സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളില്ല. കുടുംബവഴക്കുമില്ല. മക്കളെ മുമ്പും കൊല്ലാൻ ശ്രമം നടത്തിയിരുന്നു- സുഭാഷ് പറഞ്ഞു.
അമ്മയ്‌ക്കൊപ്പം യാത്രചെയ്യവേ കല്യാണിയെ കാണാതായെന്ന വാർത്ത തിങ്കൾ വൈകിട്ട് ഏഴരയോടെ പുറത്തുവന്നതുമുതൽ നാടുമുഴുവൻ തിരച്ചിലിലായിരുന്നു. സുഭാഷിന്റെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തതിനു പിന്നാലെ ജില്ലയിലും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയിൽനിന്ന് തിങ്കൾ പകൽ 3.30ന് കല്യാണിയെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു അമ്മ. ആലുവ വരെ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്ന് അമ്മ ആദ്യം പൊലീസിന് മൊഴി നൽകി.
പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയെ മൂഴിക്കുളം പാലത്തിൽനിന്ന് എറിഞ്ഞതായി ഇവർ പറഞ്ഞു. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തേക്ക് അമ്മയും കുട്ടിയും പോകുന്നതും തിരിച്ച് അമ്മ മാത്രം വരുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതോടെ ഇവിടേയ്‌ക്ക് തിരച്ചിൽ കേന്ദ്രീകരിച്ചു. കനത്ത മഴയിലും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരിച്ചിലിനിറങ്ങി.









0 comments