അമ്മ പുഴയിൽ എറിഞ്ഞുകൊന്ന കുട്ടി പീഡനത്തിനിരയായി ; അച്ഛന്റെ അടുത്ത ബന്ധു കസ്‌റ്റഡിയിൽ

പുത്തൻകുരിശ്
അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസ്സുകാരി പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ അച്ഛന്റെ അടുത്തബന്ധുവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ പുത്തൻകുരിശ് ഡിവൈഎസ്‌പി വി ടി ഷാജന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തുവരികയാണ്. പോക്‌സോ കേസും ചുമത്തി.
കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർമാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അച്ഛന്റെ അടുത്തബന്ധുവിനെ കസ്‌റ്റഡിയിലെടുത്തത്. മറ്റുചിലരെയും ചോദ്യം ചെയ്‌തിരുന്നെങ്കിലും വൈകിട്ടോടെ വിട്ടയച്ചു. പുതിയ വിവരങ്ങളുടെ പശ്‌ചാത്തലത്തിൽ കുട്ടിയുടെ അച്ഛനെയും റിമാൻഡിലുള്ള അമ്മയെയും ചോദ്യം ചെയ്യും.
തിങ്കൾ രാത്രിയാണ് മൂഴിക്കുളം പാലത്തിനുമുകളിൽനിന്ന് അമ്മ കുട്ടിയെ ചാലക്കുടി പുഴയിലേക്ക് എറിഞ്ഞുകൊന്നത്. ചൊവ്വ പുലർച്ചെ 2.15 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്.
0 comments