കണ്ണീർനോവായി കല്യാണി

പുത്തൻകുരിശ്
അമ്മയ്‌ക്കൊപ്പം യാത്രചെയ്യുന്നതിനിടെ കാണാതായ നാലുവയസ്സുകാരി കല്യാണിക്ക് ആപത്തൊന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു നാടൊന്നാകെ. പുത്തൻകുരിശ് മറ്റക്കുഴി പണിക്കരുപടി നിവാസികൾ ഒരു രാത്രി മുഴുവൻ അവളുടെ തിരിച്ചുവരവിനായി കാത്തു. അവളുടെ മൃതദേഹം ചാലക്കുടി പുഴയിൽനിന്ന് അർധരാത്രി കണ്ടെടുത്തതോടെ നാട് കണ്ണീർക്കടലായി. കല്യാണിക്ക് വിട നൽകാൻ നാടൊന്നാകെ ഒഴുകി. മറ്റക്കുഴി കീഴ്‌പ്പിള്ളി വീട്ടിൽ ചൊവ്വാഴ്‌ച നൊമ്പരക്കാഴ്‌ചകളായിരുന്നു.
എൽകെജിയിലേക്ക് കല്യാണിക്കായി വീട്ടുകാർ പുതിയ ഉടുപ്പ് വാങ്ങിയിരുന്നു. നിറകണ്ണുകളോടെ ബന്ധുക്കൾ ഈ ഉടുപ്പ് അവളുടെ ദേഹത്ത് വച്ചു. കല്യാണി ഏറെ ഇഷ്ടപ്പെട്ടിരുന്ന തൊപ്പിയും ധരിപ്പിച്ചാണ് അവളെ യാത്രയാക്കിയത്. സന്ധ്യ (36)യുടെ അറസ്‌റ്റ് ചെങ്ങമനാട് പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ മൂഴിക്കുളം പാലത്തിനുമുകളിൽനിന്ന് പുഴയിലേക്ക് ഇടുകയായിരുന്നെന്ന് സന്ധ്യ മൊഴി നൽകി. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സന്ധ്യയെ റിമാൻഡ് ചെയ്‌തു.
എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ചൊവ്വ പകൽ 3.15നാണ് കല്യാണിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. സുഭാഷിന്റെ തറവാട്ടു വീട്ടിലായിരുന്നു പൊതുദർശനം.
അച്ഛൻ സുഭാഷിനെയും കല്യാണിയുടെ സഹോദരൻ കാശിനാഥനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു. തിരുവാണിയൂർ പൊതുശ്‌മശാനത്തിലായിരുന്നു സംസ്‌കാരം.









0 comments