ഒരു നാട് മുഴുവൻ കരഞ്ഞു; കല്യാണിക്ക് വിട, സംസ്കാരം പൂർത്തിയായി

കൊച്ചി: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി കല്യാണി വിടവാങ്ങി. സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം മറ്റക്കുഴി കിഴിപ്പിള്ളിലെ കല്യാണിയുടെ അച്ഛന്റെ വീട്ടിലേക്ക് മൃതദേഹമെത്തിക്കുകയായിരുന്നു. അമ്മയോടൊപ്പം യാത്ര ചെയ്ത് പിന്നീട് കാണാതായ കുഞ്ഞിനെ ഇന്നലെ രാത്രി മുഴുവൻ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. പിന്നീട് പുലർച്ചയോടെ മരണപ്പെട്ടിരിക്കുന്നു എന്ന വാർത്തയായിരുന്നു കേരളം കേട്ടത്.
കുഞ്ഞിനെ അമ്മ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ശ്വാസകേോശത്തിൽ വെള്ളം കയറിയായിരുന്നു മരണം. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് പോസ്റ്റ്പോർട്ടം നടപടികൾ പൂർത്തിയായത്. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ കല്യാണിയെ അവസാനമായി കാണാൻ വീട്ടിൽ കാത്തുനിന്നിരുന്നു. ആംബുലൻസ് വീട്ടുമുറ്റത്തെത്തിയപ്പോൾ തന്നെ പലർക്കും സങ്കടം നിയന്ത്രിക്കാനായില്ല.അവർ കുഞ്ഞിനെ അവസാനമായി കണ്ടു. അടുത്ത ബന്ധുക്കൾ ചുംബനം നൽകി. ജീവനോടെ തിരിച്ചുകിട്ടുമെന്ന് അവസാനം വരെ പ്രതീക്ഷിച്ച് തെരച്ചിൽ നടത്തിയ മനുഷ്യരാകെ അവിടെ കൂടിയിരുന്നു.
അങ്കണവാടിയിൽനിന്നു കൂട്ടിക്കൊണ്ടുപോയാണ് അമ്മ സന്ധ്യ കല്യാണിയെ പുഴയിലേക്ക് തള്ളിയിട്ടത്. സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങളൊക്കെ കൂടുതൽ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ എന്നും എറണാകുളം റൂറൽ എസ്പി എം.ഹേമലത വ്യക്തമാക്കി. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സന്ധ്യ പറയുന്ന കാര്യങ്ങളിൽ അവ്യക്തത ഉണ്ടെന്ന് എസ്പി പറഞ്ഞു. ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെയുള്ളവരിൽനിന്ന് മൊഴി എടുക്കുമെന്നും അതിനു ശേഷം മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ പൂർണമായി മനസ്സിലാകൂ എന്നും അവർ പറഞ്ഞു.നാട്ടിലെ പ്രശ്നങ്ങളാണോ കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നറിയാൻ കൂടുതൽ മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് എസ്പി പറഞ്ഞു.









0 comments