ചോദ്യംചെയ്യലിനോട് സഹകരിക്കാതെ അമ്മ
അഭിനയം പൊളിഞ്ഞു പീഡകൻ അഴിക്കുള്ളിലായി ; പൊലീസിന്റെ അന്വേഷണമികവ്

എൻ കെ ജിബി
Published on May 23, 2025, 02:41 AM | 2 min read
പുത്തൻകുരിശ്
നാലുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച പ്രതിയെ അതിവേഗം അഴിക്കുള്ളിലാക്കിയത് പൊലീസിന്റെ അന്വേഷണമികവ്. കുട്ടി പീഡനത്തിനിരയായെന്നറിഞ്ഞ നിമിഷംമുതൽ പഴുതടച്ച അന്വേഷണം തുടങ്ങി. പ്രതിയെ ഉടൻ കണ്ടെത്താനും അറസ്‌റ്റ് ചെയ്യാനും കഴിഞ്ഞു.
കുട്ടി കൊല്ലപ്പെട്ടന്നറിഞ്ഞതുമുതൽ സങ്കടത്തിന്റെ മുഖംമൂടിയണിഞ്ഞായിരുന്നു പ്രതിയുടെ പെരുമാറ്റം. സംസ്‌കാരദിവസം സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചാണ് ഇയാളെ കുട്ടിയുടെ മൃതദേഹത്തിനരികിൽ എത്തിച്ചത്. സംസ്‌കരിക്കാൻ എടുക്കുംവരെ ഇയാൾ കരഞ്ഞു. കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയതോടെ ഇയാളുടെ യഥാർഥമുഖം പുറത്തായി.
പോസ്‌റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ലിസ ജോൺ, കുട്ടി പീഡനത്തിനിരയായ വിവരം പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ എറണാകുളം റൂറൽ എസ്‌പി എം ഹേമലതയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ നീക്കം ആരംഭിച്ചു. കുട്ടിയുമായി കൂടുതൽ അടുപ്പംപുലർത്തിയിരുന്നവരുടെ ലിസ്‌റ്റ് തയ്യാറാക്കി. ഇവരെ ചോദ്യം ചെയ്‌തു. മൃതദേഹം സംസ്കരിച്ച ദിവസം രാത്രിതന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യംചെയ്തുതുടങ്ങി. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. പ്രതിയിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തിൽ ചോദ്യംചെയ്ത് ഇയാളെ വിട്ടയച്ചു.
ബുധനാഴ്ച മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്തു. മൂന്നു മണിക്കൂർ ഇത് നീണ്ടു. കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞുമാറി അഭിനയം തുടർന്നു. ഇടയ്‌ക്കിടെ വിങ്ങിപ്പൊട്ടി. കൊല്ലപ്പെട്ട ദിവസം പുലർച്ചെ കുട്ടി പീഡനത്തിനരയായെന്ന് പൊലീസിന് അറിയാമായിരുന്നു. തലേദിവസം രാത്രി പ്രതിക്കൊപ്പമാണ് കുട്ടി ഉറങ്ങിയത്. പ്രതിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിയുടെ അച്ഛനും പ്രതിയുടെ മറ്റൊരു സഹോദരനും അവരുടെ അച്ഛൻ കോലഞ്ചേരിയിലെ ആശുപത്രിയിലെ ഐസിയുവിലായതിനാൽ അവിടെയായിരുന്നു. ഈ വിവരങ്ങളും വീട്ടിൽനിന്നും ശേഖരിച്ച തെളിവുകളും മൊബൈൽ ഫോൺ വീഡിയോകളും നിരത്തി ചോദ്യം ചെയ്‌തതോടെ പ്രതി അടിപതറി. ഒടുവിൽ കുറ്റസമ്മതം.
കുട്ടിയുടെ ദൈനംദിന കാര്യങ്ങളിലടക്കം മാതാപിതാക്കളേക്കാൾ താൽപ്പര്യത്തോടെയായിരുന്നു ഇയാളുടെ പെരുമാറ്റം. കുടുംബത്തിലെ ആദ്യ പെൺതരിയാണ് കുട്ടി. അതുകൊണ്ട് എല്ലാവരും ഏറെ ലാളിച്ചിരുന്നു. ഇത് മറയാക്കിയായിരുന്നു പീഡനം.
ചോദ്യംചെയ്യലിനോട് സഹകരിക്കാതെ അമ്മ
നാലുവയസ്സുകാരിയെ ചാലക്കുടി പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ റിമാൻഡിലായിരുന്ന അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വേണമെന്ന ചെങ്ങമനാട് പൊലീസിന്റെ അപേക്ഷ പരിഗണിച്ച ആലുവ കോടതി അഞ്ച് ദിവസമാണ് അനുവദിച്ചത്. കാക്കനാട് വനിതാ ജയിലിലായിരുന്ന അമ്മയെ വൈകിട്ട് അഞ്ചിന് ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്യലിനോട് ഇവർ നിസഹകരിക്കുകയാണെന്നറിയുന്നു. മാനസികനില
തകരാറിലായവരെപ്പോലെയാണ് പ്രതികരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിശദമായി ചോദ്യംചെയ്തശേഷം അടുത്ത ദിവസങ്ങളിൽ മൂഴിക്കുളത്ത് കുട്ടിയെ പുഴയിലെറിഞ്ഞ സ്ഥലം, ആലുവ മണപ്പുറം, തിരുവാണിയൂർ അങ്കണവാടി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
പ്രതി ലൈംഗികവൈകൃതത്തിന് അടിമ; കാണുന്നത് കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ
നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ലൈംഗികവൈകൃതത്തിന് അടിമയെന്ന് പൊലീസ്. മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികളുടെ അശ്ലീല വീഡിയോകളുള്ള വെബ്‌സൈറ്റുകളാണ് ഏറെയും സന്ദർശിച്ചിരുന്നത്. കണ്ടശേഷം ഡിലീറ്റ് ചെയ്ത അശ്ലീല വീഡിയോകൾ പൊലീസ് വീണ്ടെടുത്തു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെയുള്ള ആന്തരികക്ഷതങ്ങൾ ഇയാളുടെ രതിവൈകൃതത്തിന്റെ പ്രതിഫലനമാണെന്നാണ് നിഗമനം.
പ്രതിക്ക് നാട്ടിൽ പൊതുവെ ആരോടും വലിയ ബന്ധമില്ല. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണെങ്കിലും സ്ഥിരമായി പോകുന്ന ശീലമില്ല. ഇയാളുടെ രണ്ട് സഹോദരന്മാർ നാട്ടിൽ എല്ലാവരുമായും അടുപ്പം പുലർത്തിയിരുന്നു. എന്നാൽ, ഇവരുടേതിന് നേർവിപരീത സ്വഭാവമാണ് ഇയാളുടേത്. വീട്ടിൽ മുറിക്കുള്ളിൽ ഭൂരിഭാഗം സമയവും കഴിച്ചുകൂട്ടിയിരുന്ന പ്രതി, കുട്ടിയുമായി നല്ല അടുപ്പത്തിലുമായിരുന്നു. കുട്ടിയുടെ ദൈനംദിനകാര്യങ്ങളിലടക്കം രക്ഷാകർത്താക്കളേക്കാൾ താൽപ്പര്യത്തോടെ പെരുമാറി.









0 comments