കല്യാണിക്ക് നൽകി, അവസാന മധുരം


ശ്രീരാജ് ഓണക്കൂർ
Published on May 21, 2025, 01:24 AM | 1 min read
കൊച്ചി
അങ്കണവാടിയിലെ കൂട്ടുകാർക്കൊപ്പം ആർത്തുല്ലസിച്ചശേഷം മയങ്ങുകയായിരുന്നു കല്യാണി. അധ്യാപിക സൗമ്യ അവളെ വിളിച്ചുണർത്തി. ഇഷ്ടപ്പെട്ട ഗോതമ്പ് ഉപ്പുമാവും പാലും കൊടുത്തു. ഒടുവിൽ അമ്മയ്‌ക്കൊപ്പം യാത്രയാക്കി... മറ്റക്കുഴി വെണ്ണിത്തിരുപ്പ് അങ്കണവാടി ടീച്ചർ മാമല സ്വദേശിനി സൗമ്യ കൃഷ്‌ണന്റെ മുന്നിൽ ഈ ദൃശ്യങ്ങൾ ഇപ്പോഴും മിന്നിമറയുകയാണ്. കല്യാണിയെ അമ്മ മരണത്തിലേക്കാണ് കൊണ്ടുപോയതെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഈ അധ്യാപികയ്‌ക്കായിട്ടില്ല. കല്യാണിയുടെ കൂട്ടുകാരിയുടെ അച്ഛന്റെ പിറന്നാളായിരുന്നു തിങ്കളാഴ്‌ച.
പിറന്നാൾമധുരമായ ലഡുവും കഴിച്ചാണ് കല്യാണി അമ്മയ്‌ക്കൊപ്പം യാത്രയായത്.
കല്യാണിയുടെ അമ്മ സന്ധ്യ, അധികം സംസാരിക്കുന്നയാളല്ല. തിങ്കൾ പകൽ 3.30ന് കുട്ടിയെ കൊണ്ടുപോയപ്പോഴും പറഞ്ഞത് ഇത്ര മാത്രം–‘-ഞാൻ മോളെ കൊണ്ടുപോയ്‌ക്കോട്ടെ?’. അമ്മയും അച്ഛനും മറ്റ് ബന്ധുക്കളുമെല്ലാം കുട്ടിയെ വിളിക്കാൻ വരാറുണ്ട്. അതിനാൽ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും അധ്യാപിക.
ഒന്നരവർഷമായി കല്യാണിയെ അറിയാം. മിടുക്കിക്കുട്ടി; കൂട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൾ. മാമല എസ്‌എൻഎൽപി സ്‌കൂളിൽ എൽകെജിക്ക് ചേർത്തിരുന്നു. പുതിയ സ്‌കൂളിൽ പഠിക്കാനുള്ള സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് അവൾ യാത്രയായത്–- കണ്ണീരോടെ സൗമ്യ പറഞ്ഞു.









0 comments