കാക്കനാട് കൂട്ട ആത്മഹത്യ: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

തൃക്കാക്കര : ജാർഖണ്ഡ് സ്വദേശിയായ സെൻട്രൽ എക്‌സൈസ് അഡീഷണൽ കമീഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരുടെ പോസ്‌റ്റ്‌മോർട്ടം ഇന്ന്. കളമശേരി മെഡിക്കൽ കോളേജിലാണ് പോസ്‌റ്റ് മോർട്ടം. വിദേശത്തുള്ള സഹോദരി എത്താൻ വൈകിയതിനാലാണ് വെള്ളിയാഴ്‌ച നടത്താനിരുന്ന പോസ്‌റ്റ്‌മോർട്ടം ഇന്നത്തേക്ക് മാറ്റിവെച്ചത്.
കാക്കനാട് ദൂരദർശൻ ടിവി സെന്ററിലെ സെൻട്രൽ കസ്‌റ്റംസ് ക്വാർട്ടേഴ്‌സിലാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴം വൈകിട്ട് പ്രദേശത്തെ മൈതാനത്ത് കളിക്കാൻ ഇറങ്ങിയ കുട്ടികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞദിവസം സമീപവാസികൾക്ക് ചെറുതായി ദുർഗന്ധമുണ്ടായെങ്കിലും സമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്നാണെന്നാണ് കരുതിയത്. തൃക്കാക്കര ഇൻഫോ പാർക്ക് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 114–-ാം നമ്പർ ക്വാർട്ടേഴ്‌സിൽ മൃതദേഹങ്ങൾ കണ്ടത്.
ഫ്ലാറ്റ് അടഞ്ഞുകിടന്നതിനാൽ പൊലീസ് ജനലുകൾ കുത്തിത്തുറന്നപ്പോൾ മനീഷിനെയും സഹോദരി ശാലിനിയെയും കിടപ്പുമുറികളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൂടെതാമസിക്കുന്ന അമ്മ ശകുന്തള അഗർവാളിനെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മുൻവശത്തെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി നടത്തിയ പരിശോധനയിൽ ശാലിനിയെ മരിച്ചനിലയിൽക്കണ്ട മുറിയിലെ കട്ടിലിൽ അമ്മ ശകുന്തളയുടെ മൃതദേഹവും കണ്ടു. ശകുന്തള അഗർവാളിന്റെ മൃതദേഹം കട്ടിലിൽ പുതപ്പിട്ട് മൂടിയനിലയിലായിരുന്നു. മൃതദേഹത്തിൽ പൂക്കളും മറ്റുംവിതറി പൂജകൾ നടത്തിയിട്ടുണ്ട്. തലഭാഗത്ത് മൂവരുമൊത്തുള്ള ചിത്രവും വച്ചിരുന്നു. അടുക്കളയിലെ ഗ്യാസ് അടുപ്പിൽ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തി.









0 comments