ഉള്ളുതകർന്ന്‌ പ്രിയ

ദുരൂഹത ഒഴിയുന്നില്ല ; ക്വാർട്ടേഴ്‌സിലെ കൂട്ടമരണം വ്യത്യസ്‌ത സമയങ്ങളിൽ

Kakkanad Mass Suicide

മൃതദേഹങ്ങൾ സംസ്‌കരിക്കാനെത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Feb 23, 2025, 01:05 AM | 1 min read

തൃക്കാക്കര : കാക്കനാട് ടിവി സെന്ററിനുസമീപം സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്‌സിലെ അമ്മയുടെയും രണ്ടു മക്കളുടെയും മരണം വ്യത്യസ്‌ത സമയങ്ങളിലെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌. മൂവരുടെയും തൂങ്ങിമരണമാണെന്നാണ്‌ പ്രാഥമിക നിഗമനമെങ്കിലും ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. അമ്മ ശകുന്തള അഗർവാൾ മരിച്ച്‌ നാലുമണിക്കൂറിനുശേഷമാണ് മക്കളായ മനീഷും ശാലിനിയും മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്‌.


വ്യാഴം വൈകിട്ട്‌ ആറിനാണ്‌ ജിഎസ്ടി കസ്റ്റംസ് കൊച്ചി ഓഡിറ്റ് കമീഷണറേറ്റിലെ അഡീഷണൽ കമീഷണർ മനീഷ്‌ വിജയ്‌ (42), സഹോദരി ശാലിനി വിജയ്‌ (51), അമ്മ ശകുന്തള അഗർവാൾ (77) എന്നിവരുടെ മരണം പുറംലോകം അറിഞ്ഞത്‌. തൂങ്ങിമരിച്ച അമ്മയെ മക്കൾ താഴെയിറക്കി കട്ടിലിൽ കിടത്തി വെള്ളപുതപ്പിച്ച് പൂജയും കർമങ്ങളും ചെയ്തശേഷം ഇരുവരും ജീവനൊടുക്കിയതാണോ, അമ്മയെ കൊലപ്പെടുത്തിയശേഷം മക്കൾ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്നാണ്‌ പൊലീസ്‌ അന്വേഷിക്കുന്നത്‌.


മനീഷും ശാലിനിയും ഷാളുകളിൽ തൂങ്ങിയാണ് മരിച്ചത്. ഇരുവരും തൂങ്ങിയ ഷാളുകൾ ഹുക്കിൽ കെട്ടിയിരിക്കുന്നത് ഒരേരീതിയിലാണ്‌. ജാർഖണ്ഡിൽ ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂൾ അനുവദിച്ചതിലെ ക്രമക്കേടിൽ ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്‌. ഒരുകിലോമീറ്റർ ചുറ്റളവിൽ ഒരു സ്‌കൂൾ മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം മറികടന്ന്‌ ശാലിനി, സ്‌കൂളും ആവശ്യമായ പണവും അനുവദിച്ചെന്നാണ്‌ കേസ്‌. ഫെബ്രുവരി 15ന്‌ ഹാജരാകാൻ ഇവർക്ക്‌ സിബിഐ നോട്ടീസ്‌ അയച്ചിരുന്നു. ഇതാണോ മരണത്തിലേക്ക്‌ നയിച്ചതെന്നും അന്വേഷിക്കുന്നു.


ഉള്ളുതകർന്ന്‌ പ്രിയ

സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജാർഖണ്ഡ്‌ സ്വദേശികളായ ജിഎസ്ടി കസ്റ്റംസ് അഡീഷണൽ കമീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരുടെ മൃതദേഹം ശനിയാഴ്ച എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി കാക്കനാട് ശ്മശാനത്തിൽ സംസ്കരിച്ചു. മനീഷിന്റെ ഇളയസഹോദരി പ്രിയ വിജയ്‌യും ഭർത്താവ്‌ നിതിൻ ഗാന്ധിയും കൊച്ചിയിൽ എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. മൂവരുടെയും ചിതയ്‌ക്ക്‌ പ്രിയ തീപകർന്നു.

തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള, കസ്റ്റംസ് പ്രിവന്റീവ്‌ കമീഷണർ കെ പത്മാവതി, ഓഡിറ്റ് കമീഷണർ രാജീവ് കുമാർ എന്നിവരും മനീഷിന്റെ മറ്റ്‌ സഹപ്രവർത്തകരും ആദരാഞ്‌ജലി അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home