ഇ ഡിക്കെതിരെ സമരം: കോൺഗ്രസ് രാഷ്ട്രീയ വ്യക്തത കാട്ടണം- കെ വി തോമസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും എതിരായി ഇ ഡി കുറ്റപത്രത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുന്ന കോൺഗ്രസ് രാഷ്ട്രീയ വ്യക്തത കാട്ടണമെന്ന് പ്രൊഫ. കെ വി തോമസ്. കോൺഗ്രസ് നോക്കൾക്കെതിരായ കുറ്റപത്രം രാഷ്ട്രീയപ്രേരിതമായി കണ്ട് സമരം നടത്തുന്ന കോൺഗ്രസ്, കേരള മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കേന്ദ്രഏജൻസികളുടെ അന്വേഷണങ്ങളെ കുടപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ കടന്നു വന്നതിനുശേഷം ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമെതിരായി വിവിധ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന നടപടിക്കെതിരെ ഇന്ത്യ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് രാഷ്ട്രീയ വ്യക്തയോടെ മുന്നോട്ട് നീങ്ങണം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വളരുന്നതിനുള്ള രാഷ്ട്രീയ സാഹചര്യം കോൺഗ്രസ് ഉണ്ടാക്കരുത്. കോൺഗ്രസിന്റെ രാഷ്ട്രീയ വ്യക്തത കുറവ് കൊണ്ടാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കഴിഞ്ഞ പത്ത് വർഷം കൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയതെന്നും കെ വി തോമസ് പറഞ്ഞു.
ഏപ്രിൽ 16ന് രാജ്യമെമ്പാടുമുള്ള ഇ ഡി ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു. പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ബിജെപിയുടെ വേട്ടയാടൽ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പരാജയപ്പെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം കേസുകളുമായി മുന്നോട്ട് പോകുന്നത്. കേസെടുത്തത് കൊണ്ടൊന്നും കോൺഗ്രസ് ബിജെപിക്കെതിരായ പോരാട്ടം അവസാനിപ്പിക്കാൻ പോകുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.









0 comments