സഹജീവികൾക്കായി 
തുടിച്ച അക്ഷരഹൃദയം

rabia

റാബിയയുടെ നേതൃത്വത്തിൽ നടന്ന ആദ്യകാല സാക്ഷരതാക്ലാസ്‌ 
(ഫയൽ ചിത്രം)

avatar
റഷീദ്‌ ആനപ്പുറം

Published on May 05, 2025, 02:00 AM | 2 min read


മലപ്പുറം :

അയൽപക്കത്തെ കുംഭാരക്കുടിലുകളിലെ ഇരുളടഞ്ഞ ജീവിതങ്ങൾ എന്നും റാബിയയെ സങ്കടപ്പെടുത്തിയിരുന്നു. യൗവനത്തിലേക്ക്‌ കടന്നപ്പോൾ ആ കുടിലുകളുടെ മുറ്റത്തേക്ക്‌ അവൾ ചക്രക്കസേര ചലിപ്പിച്ചു. അതോടെ കളിമണ്ണ്‌ മെരുക്കി മൺപാത്രങ്ങളുണ്ടാക്കുന്നവരുടെ മനസ്സിൽ അക്ഷരങ്ങൾ പൂവിട്ടു. താമസിയാതെ ആ യുവതിയുടെ വീട്ടുമുറ്റത്ത്‌ കൊച്ചുപന്തലുയർന്നു. അതൊരു സാക്ഷരതാ ക്ലാസായി വളർന്നു. അക്ഷരം പഠിക്കാൻ വെള്ളിലക്കാട്ടെ കുംഭാര സ്‌ത്രീകളും മറ്റും അവിടേക്കെത്തി.


അതൊരു തുടക്കമായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച്‌ ഒരു ജനതയുടെ അക്ഷരഹൃദയമായി മാറിയ വെള്ളിലക്കാട്ടെ കെ വി റാബിയ എന്ന സാക്ഷരതാ പ്രവർത്തകയുടെ തുടക്കം.


കേരളത്തിൽ അക്ഷരവെളിച്ചമേകിയ സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ അംബാസഡറായി കെ വി റാബിയ മാറി. ശരീരത്തിന്റെ പാതി കുട്ടിക്കാലത്തേ ചലനമറ്റതാണ്‌. വായനയിലൂടെ ആ സങ്കടം മറന്നു. ഇതിനിടെ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി. തന്റെ ഗ്രാമത്തെ പൂർണമായും അതിൽ പങ്കാളിയാക്കി. റാബിയയുടെ പ്രവർത്തനം സാക്ഷരതയിൽ മാത്രം ഒതുങ്ങിയില്ല. ഗ്രാമത്തിലെ സ്‌ത്രീകളെ സ്വാശ്രയരാക്കാൻ തൊഴിൽസംരംഭം ആരംഭിച്ചു. മെഡിക്കൽ സ്‌റ്റോറുകളിലേക്കുള്ള പേപ്പർ കവർ നിർമാണ യൂണിറ്റാണ്‌ ആരംഭിച്ചത്‌. വായനശീലം വളർത്താൻ ലൈബ്രറിക്കും തുടക്കമിട്ടു. വിദ്യാർഥികൾക്കായി ആരംഭിച്ച ട്യൂഷൻ ക്ലാസിൽ ദൂരെനിന്ന്‌ വരെ കുട്ടികൾ എത്തി.


അക്കാലത്ത്‌ റാബിയയെ കാണാൻ മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമുണ്ടായി. അവർക്കുമുമ്പിൽ റാബിയ തന്റെ നാടിന്റെയും മൺപാത്ര നിർമാണ തൊഴിലാളികളുടെയും ആവശ്യങ്ങളുടെ കെട്ടഴിച്ചു. അതോടെ മൺപാത ടാറിട്ട റോഡായി. എല്ലാ വീട്ടിലും വൈദ്യുതിയെത്തി. കുടിവെള്ള ടാപ്പും.


തന്നെപ്പോലെ ശാരീരിക അവശത അനുഭവിക്കുന്നവരുടെ ദുരിത ജീവിതം എന്നും റാബിയയെ നൊമ്പരപ്പെടുത്തിയിരുന്നു. സ്‌പെഷ്യൽ സ്‌കൂളുകൾ ഇല്ലാതിരുന്ന അക്കാലത്ത്‌ ഭിന്നശേഷി കുട്ടികളെ കണ്ടെത്തി അവർക്ക്‌ ശാസ്‌ത്രീയ പരിശീലനം നൽകാൻ റാബിയ തീരുമാനിച്ചു. ‘ചലനം’ എന്ന സംഘടന തുടങ്ങി. തിരൂരങ്ങാടി, വേങ്ങര ബ്ലോക്കുകളിൽ ആറ്‌ സ്‌പെഷ്യൽ സ്‌കൂൾ ചലനം ആരംഭിച്ചു.


ഇച്ഛാശക്തിയുടെ മറുവാക്ക്‌

റാബിയ എന്നത്‌ ഇച്ഛാശക്തിയുടെ മറുവാക്കായിരുന്നു. ഒടുവിൽ ശരീരത്തെ കീഴടക്കിയ അർബുദത്തിന്റെ തീരാ വേദനയിലും റാബിയക്ക്‌ പറയാനുണ്ടായിരുന്നത്‌ മറ്റുള്ളവരെക്കുറിച്ചായിരുന്നു. അതിനാൽ ആ ശബ്‌ദം നിലയ്‌ക്കുമ്പോൾ നിസ്സഹായരാകുന്നത്‌ വെള്ളിലക്കാട്ടെയും പരിസരത്തെയും സാധാരണക്കാരാണ്‌. ഓടി വന്ന്‌ സങ്കടം പറയാൻ ആ വീട്ടിൽ ഇനി റാബിയ ഇല്ലല്ലോ.


ദേശാഭിമാനിയുമായി അടുത്ത ബന്ധം

സാക്ഷരതാപ്രവർത്തനരംഗത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന കെ വി റാബിയ ദേശാഭിമാനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. റാബിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പലതവണ ദേശാഭിമാനിയിൽ വാർത്തകൾ വന്നിട്ടുണ്ട്‌. ദേശാഭിമാനിയുടെ 80–-ാം വാർഷികത്തിന്റെ ഭാഗമായി ഇറങ്ങിയ പ്രത്യേക പതിപ്പിലേക്ക്‌ അവര്‍ ആശംസയുമര്‍പ്പിച്ചു. നമ്മുടെ രാജ്യം കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ദേശാഭിമാനി പത്രത്തിന്റെ പ്രസക്തിയെക്കുറിച്ചാണ്‌ അന്നവർ സംസാരിച്ചത്‌. മനുഷ്യത്വത്തിന്റെയും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ തകർക്കപ്പെടുമ്പോൾ ജനങ്ങളെ ഒന്നിച്ചുനിർത്താൻ ദേശാഭിമാനി വഹിച്ചിട്ടുള്ള പങ്കിനെ അവര്‍ അഭിനന്ദിച്ചു.


പത്മശ്രീ നേടിയ സമയത്ത്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, കേന്ദ്ര കമ്മിറ്റിയംഗം കെ പി സുമതി തുടങ്ങിയവർ അഭിനന്ദിക്കാൻ അവരുടെ വീട്ടിലെത്തിയപ്പോഴും ദേശാഭിമാനി നൽകിയിട്ടുള്ള പിന്തുണയെക്കുറിച്ച്‌ റാബിയ പറഞ്ഞിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home