കുന്നമംഗലത്ത് ദേശീയപാതയോരത്ത് ലക്ഷങ്ങൾ വിലവരുന്ന ഭൂമി സ്വന്തമാക്കി , നിർമിച്ചത് ഒരുകോടി രൂപയുടെ ആഡംബര വീട് , കോഴിക്കോട് ബ്ലൂ ഫിൻ വില്ല പ്രോജക്ടും ആരംഭിച്ചു
പി കെ ഫിറോസിന് ആഡംബര വീടും വില്ല പ്രോജക്ടും ; വിജിലൻസ് അന്വേഷണം വേണം : കെ ടി ജലീൽ

പി കെ ഫിറോസിന്റെ ആഡംബര വീട്
മലപ്പുറം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് വിജിലൻസ് അന്വേഷിക്കണമെന്ന് കെ ടി ജലീൽ എംഎൽഎ. കാര്യമായ വരുമാനമാർഗങ്ങളില്ലാത്ത ഫിറോസ് കുന്നമംഗലത്ത് ദേശീയപാതയോരത്ത് ലക്ഷങ്ങൾ വിലവരുന്ന ഭൂമി സ്വന്തമാക്കി ആഡംബര വീട് പണിതു. കോഴിക്കോട് ബ്ലൂ ഫിൻ എന്ന പേരിൽ വില്ല പ്രോജക്ടും ആരംഭിച്ചു. ഇതിന്റെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയതായി കെ ടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എട്ട് വർഷമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയാണ് ഫിറോസ്. അതിനുമുമ്പ് പത്ത് വർഷം എംഎസ്എഫിന്റെ ജില്ല, സംസ്ഥാന ഭാരവാഹിയായിരുന്നു. കെഎസ്ആർടിസി- ഡ്രൈവറായി വിരമിച്ചയാളാണ് ഫിറോസിന്റെ ബാപ്പ. 15 സെന്റും ചെറിയ വീടുമാണ് കുടുംബസ്വത്ത്. അത് ഭാഗംവച്ചിട്ടില്ല. നിയമബിരുദമുണ്ടെങ്കിലും ഫിറോസ് അഭിഭാഷകവൃത്തി സ്വീകരിച്ചിട്ടില്ല. കുന്നമംഗലത്ത് ദേശീയപാതയോട് ചേർന്ന് സെന്റിന് 10 ലക്ഷം വിലവരുന്ന 12.5 സെന്റ് 2011ലാണ് വാങ്ങിയത്. അതിൽ ഒരുകോടി രൂപയുടെ വീടും നിർമിച്ചു. ഇൗ കാലയളവിൽ ഭാര്യ എയ്‌ഡഡ് സ്കൂളിൽ അധ്യാപക നിയമനവുംനേടി. ഫിറോസ് തനിച്ചും കുടുംബസമേതവും നിരവധി വിദേശയാത്ര നടത്തി.
കത്വവയിലും ഉന്നാവയിലും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ പേരിൽ യൂത്ത് ലീഗ് സ്വദേശത്തും വിദേശത്തുമായി വലിയ ഫണ്ട് ശേഖരിച്ചിരുന്നു. എന്നാൽ, കുടുംബങ്ങൾക്ക് ആറുലക്ഷം രൂപയാണ് നൽകിയത്. ഇതുസംബന്ധിച്ച് കുന്നമംഗലം മജിസ്‌ട്രേട്ട് കോടതിയിൽ കേസുണ്ട്. യൂത്ത് ലീഗിന്റെ ദോത്തി ചലഞ്ചിൽ 2.72ലക്ഷം ദോത്തികൾ 600 രൂപയ്‌ക്ക് കീഴ്‌കമ്മിറ്റികൾക്ക് നൽകിയതിലും ക്രമക്കേടുണ്ട്.
കോഴിക്കോട് ബ്ലൂ ഫിൻ എന്ന പേരിൽ ഫിറോസ് ട്രാവൽ ഏജൻസിയും വില്ല പ്രൊജക്ടും ആരംഭിച്ചു. ഗൾ-ഫിൽ ഫിറോസിന് ബിസിനസ് പങ്കാളിത്തമുള്ളതായി അറിയുന്നു. മയക്കുമരുന്ന് കേസിൽ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈർ അടുത്തിടെ അറസ്‌റ്റിലായിരുന്നു. മയക്കുമരുന്ന് ഇടപാടിൽ ഫിറോസിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.









0 comments