പി കെ ഫിറോസ് ദുബായ് കമ്പനിയിലെ സെയിൽസ് മാനേജർ; ദോത്തി ചലഞ്ചിന്റെ പേരിലും പണം തട്ടി; തെളിവുകളുമായി കെ ടി ജലീൽ

മലപ്പുറം : യുഡിഎഫിലെ യുവജന സംഘടനാ നേതാക്കളുടെ തട്ടിപ്പ് തെളിവുകൾ സഹിതം തുറന്നുകാട്ടി കെ ടി ജലീൽ എംഎൽഎ. കേരളത്തിൽ മുഴുവൻ സമയ പൊതുപ്രവർത്തകനായി നിലകൊള്ളുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സെയിൽസ് മാനേജരെന്ന നിലയിൽ ലക്ഷങ്ങൾ വാങ്ങുന്നതിന്റെ തെളിവുകൾ കെ ടി ജലീൽ പുറത്തുവിട്ടു.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എൽഎൽസി എന്ന കമ്പനിയുടെ സെയിൽസ് മാനേജരാണ് പി കെ ഫിറോസ് എന്നു വ്യക്തമാക്കുന്ന ഐഡി കാർഡും ഫിറോസിന്റെ വർക് പെർമിറ്റും കെ ടി ജലീൽ പുറത്തുവിട്ടു. കമ്പനിയുമായുണ്ടാക്കിയ കോൺട്രാക്ടിന്റെ ഇൻഫർമേഷൻ വിവരങ്ങളും പുറത്തുവിട്ടു. 22,000 യുഎഇ ദർഹമാണ് പി കെ ഫിറോസിന്റെ ശമ്പളം എന്ന് രേഖകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്.
മാസം തോറും അഞ്ച് ലക്ഷം രൂപയോളമാണ് പി കെ ഫിറോസിന് ശമ്പളമായി ലഭിക്കുന്നത്. എന്നാൽ താനൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഈ വിവരങ്ങൾ പി കെ ഫിറോസ് മറച്ചുവച്ചതായി കെ ടി ജലീൽ പറഞ്ഞു. 2024 മാർച്ച് മുതൽ ഈ ശമ്പളം ഫിറോസിന് ലഭിക്കുന്നുണ്ട്.
2021ലെ ഇലക്ഷനിൽ 25 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ പി കെ ഫിറോസാണ് ഇപ്പോൾ മാസം അഞ്ച് ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്നത്. യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യാപകമായി ഹവാല, റിവേഴ്സ് ഹവാല ഇടപാടുകൾ നടത്തുന്നുണ്ട്. ദോത്തി ചലഞ്ച് എന്ന പേരിലും ഫിറോസ് തട്ടിപ്പു നടത്തി. ഇരുനൂറു രൂപയുടെ തുണി അഞ്ഞൂറ് രൂപയ്ക്ക് കൊടുത്തു. പണമുണ്ടെങ്കിൽ എന്തുമാകാം എന്നാണ് പല നേതാക്കൻമാരും കരുതുന്നത്. മറ്റൊരു തരത്തിലും വരുമാനം ഇല്ലാത്തവരാണ് കോടികളുടെ സ്ഥാപനങ്ങളും ബിസിനസും നടത്തുന്നത്. ബ്ലൂഫിൻ എന്ന പേരിൽ വില്ല പ്രൊജക്ടും പി കെ ഫിറോസിന്റെ പേരിലുണ്ട്. പണം ഉണ്ടാക്കാനുള്ള വഴിയായി യുവ നേതാക്കൾ രാഷ്ട്രീയത്തെ കാണുന്നു. ഒരു മാഫിയ സംഘം വലതുപക്ഷ രാഷ്ട്രീയത്തിന്റെ യുവജന നിരയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളരാഷ്ട്രീയ രംഗത്ത് ഒരു പുതിയ മാഫിയാസംസ്കാരം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫിന്റെ യുവജനസംഘടനാ നേതാക്കൾ- കെ ടി ജലീൽ പറഞ്ഞു.
ഹൈക്കോടതി ജഡ്ജിയായിരിക്കെ സിറിയക് ജോസഫ് ഐസ്ക്രീം പാർലർ കേസിൽ ഇടപെട്ട് പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി. ഇതിന്റെ പ്രത്യുപകാരമായിരുന്നു ജാൻസി ജയിംസിന്റെ വി സി നിയമനമെന്നും കെ ടി ജലീൽ വ്യക്തമാക്കി.









0 comments