ഫിറോസിന്റെ ആരോപണങ്ങള്‍ നേതാക്കള്‍ ഏറ്റെടുക്കില്ല : കെ ടി ജലീല്‍

വളാഞ്ചേരി
സാമ്പത്തികത്തട്ടിപ്പ് ചര്‍ച്ച മറച്ചുവയ്ക്കാനായി പി കെ ഫിറോസ് ഉയര്‍ത്തിയ, മലയാളം സർവകലാശാലാ ഭൂമി വിഷയം മുസ്ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുക്കില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങളും വിഷയം ഉന്നയിക്കുന്നില്ല. ഭൂമി വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് ശ്രദ്ധക്ഷണിക്കാൻ ലീഗിനെ വെല്ലുവിളിക്കുന്നു. തിരൂർ എംഎൽഎ കുറുക്കോളി മൊയ്‌തീൻ നാലരവർഷത്തിനിടെ ഒരുശ്രദ്ധക്ഷണിക്കൽപോലും ആവശ്യപ്പെട്ടിട്ടില്ല.
ദുബായിലെ കമ്പനികളെക്കുറിച്ച് പി കെ ഫിറോസിന് മറുപടിയില്ല. സാധാരണ കുടുംബത്തില്‍ വളര്‍ന്ന ഫിറോസ് എങ്ങനെ ഇവ നേടിയെന്ന് വെളിപ്പെടുത്തുന്നില്ല. ഖത്തറിൽ പോളി ക്ലിനിക്, ഫാർമസി എന്നിവയിലും പങ്കാളിത്തമുണ്ടെന്നാണ് വിവരം.
മലയാളം സർവകലാശാലയ്ക്ക് യുഡിഎഫ് ഭരണകാലത്ത് കണ്ടെത്തിയ ഭൂമി ലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്കുവേണ്ടി ഉപയോഗിച്ചു. 2016 ഫെബ്രുവരി 22ന് യുഡിഎഫ് ഭരണകാലത്താണ് മലയാള സർവകലാശാലയുടെ ഭൂമിയുടെ വിലനിർണയം നടത്തിയത്. യുഡിഎഫ് സർക്കാർ നിശ്ചയിച്ച 1.70 ലക്ഷംരൂപ എൽഡിഎഫ് സർക്കാർ 1.60 ലക്ഷമാക്കി. 10,000 രൂപ കുറച്ചതിൽ ലീഗിന് വിഷമമുണ്ടായിരുന്നു. അവരുടെ കമീഷനാണ് നഷ്ടമായത്. ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം നടക്കട്ടെ. ദോത്തി ചലഞ്ചിലെ മുണ്ടുകൾ വാങ്ങിയ ബില്ല് കാണിക്കാൻ പി കെ ഫിറോസ് തയ്യാറായിട്ടില്ലെന്നും കെ ടി ജലീൽ പറഞ്ഞു.









0 comments