ജീവനക്കാരെല്ലാം മാനേജർമാർ ; ഹവാല ഇടപാട് അന്വേഷിക്കണം : ഫിറോസിന്റെ കമ്പനിയെക്കുറിച്ച് കെ ടി ജലീൽ

മലപ്പുറം
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് സെയിൽസ് മാനേജരായ, ദുബായിൽ രജിസ്റ്റർ ചെയ്ത കന്പനിയിൽ ആകെയുള്ള മൂന്ന് ജീവനക്കാരും മാനേജർമാർ. കെ ടി ജലീൽ എംഎൽഎയാണ് വിവരം ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്. ഇതിന്റെ മറവിൽ ഹവാല പണമിടപാട് നടക്കുന്നതായി സംശയിക്കുന്നൂവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ജലീൽ പറഞ്ഞു.
കമ്പനിയിൽ ഫിറോസിനെക്കൂടാതെ, റയീസ് മുന്തോട്ടുതറമ്മൽ അബ്ദുറഹിമാൻ (ഓഫീസ് മാനേജർ), അരട്ടൻകണ്ടി മുഹമ്മദ് അസ്ലം പുതുക്കുടി (പർച്ചേസ് മാനേജർ) എന്നിവരാണുള്ളത്. എംഡിയോ ക്ലർക്കോ സിസ്റ്റം ഓപ്പറേറ്ററോ അറ്റൻഡറോ ഇല്ലാത്ത മൂന്ന് മാനേജർമാർ മാത്രം ജീവനക്കാരായ ലോകത്തിലെ ഒരേയൊരു കമ്പനിയാണിതെന്നും ജലീൽ പറഞ്ഞു.
ഫിറോസ് ഇൗ കമ്പനിയിൽ സെയിൽസ് മാനേജരാണെന്ന രേഖകൾ കഴിഞ്ഞ ദിവസം ജലീൽ പുറത്തുവിട്ടിരുന്നു. അഞ്ചേകാൽ ലക്ഷം രൂപ (22,000 യുഎഇ ദിർഹം) ആണ് മാസശമ്പളവും യാത്രാച്ചെലവുമായി ഫിറോസിന് കിട്ടുന്നത്. കേരളത്തിൽ മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകനായിരിക്കുമ്പോഴാണ് ഫിറോസ് വലിയ പ്രതിഫലം പറ്റുന്നത്. 2024 മാർച്ച് 21നാണ് ഫിറോസ് ഈ കമ്പനിയിൽ പുതിയ ജോബ് വിസ എടുക്കുന്നത്. ഇതിനും എത്രയോ മുന്പ് അദ്ദേഹത്തിന് ജോബ് വിസയുണ്ടെന്ന് കമ്പനിയുടെ സൈറ്റിലെ വിവരങ്ങൾ പറയുന്നു. 2021-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിൽ മത്സരിക്കുമ്പോൾ വിസ ഉണ്ടായിരുന്നോ എന്ന് അറിയേണ്ടതുണ്ട്. ഇതിനെല്ലാം വ്യക്തത വരുത്താൻ ഫിറോസ് ഒളിവുജീവിതത്തിൽനിന്ന് പുറത്തുവരണമെന്നും മാധ്യമങ്ങളെ കണ്ട് വസ്തുതകൾ വ്യക്തമാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.









0 comments