കെ സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്‌തവർക്ക് താൽക്കാലിക കെട്ടിട നമ്പര്‍

തിരുവനന്തപുരം
കെ സ്വിഫ്റ്റ് പ്ലാറ്റ്ഫോം വഴി രജിസ്റ്റർചെയ്ത സംരംഭങ്ങൾക്ക് താൽക്കാലിക കെട്ടിട നമ്പർ ഉടൻ ലഭ്യമാകും. പുതിയ സംരംഭകർക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കാൻ താൽക്കാലിക കെട്ടിട നമ്പർ ലഭിക്കുന്നതിലൂടെ സാധിക്കും. സംരംഭങ്ങൾ തുടങ്ങാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമാണ് കെ സ്വിഫ്റ്റ്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭിക്കാനും ബിസിനസ് പ്രവർത്തനം സുഗമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
കെ- സ്വിഫ്റ്റ് വഴി രജിസ്റ്റർചെയ്ത 50 കോടിവരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് മൂന്നര വർഷംവരെ സാധുതയുള്ള താൽക്കാലിക കെട്ടിട നമ്പരാണ് ലഭിക്കുക. ഈ കാലയളവിൽ സംരംഭങ്ങൾ സ്ഥിരമായ കെട്ടിട നമ്പർ നേടണം. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി സംസ്ഥാനത്ത് സംരംഭക സൗഹൃദാന്തരീക്ഷം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് നിയമഭേദഗതി സർക്കാർ കൊണ്ടുവന്നിരുന്നു. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അക്‌നോളജ്മെന്റ് സർട്ടിഫിക്കറ്റിലെ നമ്പരിനെ താൽക്കാലിക കെട്ടിട നമ്പരായി കണക്കാക്കാം.
എംഎസ്എംഇകൾക്ക് നിർണായക രേഖയാണ് അക്‌നോളജ്മെന്റ് സർട്ടിഫിക്കറ്റ്. മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ‘റെഡ്' വിഭാഗത്തിൽപെടുത്തിയിട്ടില്ലാത്ത സംരംഭങ്ങൾക്ക് വിവിധ സംസ്ഥാന നിയമങ്ങൾ പ്രകാരം മുൻകൂർ അനുമതി നേടാതെ പ്രവർത്തനം ആരംഭിക്കാൻ ഈ സർട്ടിഫിക്കറ്റിലൂടെ സാധിക്കും.









0 comments