കെ സുരേന്ദ്രന്റെ 'നാമധാരി' പരാമർശം പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നത്: വി ശിവൻകുട്ടി

തിരുവനന്തപുരം: ഇടതുപക്ഷവും വലതുപക്ഷവും ജയിപ്പിക്കുന്നവരിൽ അധികവും 'നാമധാരി' പട്ടികജാതിക്കാർ മാത്രമാണെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. സുരേന്ദ്രന്റെ പരാമർശം അപലപനീയമാണെന്നും അത് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു.പട്ടികജാതി വിരുദ്ധ മനോഭാവം തുറന്നുകാട്ടുന്നതാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് വി ശിവൻകുട്ടി പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ 'നാമധാരി' എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്.'ഒരു രാഷ്ട്രീയ നേതാവ്, അതും മുൻ സംസ്ഥാന അധ്യക്ഷൻ, ഇത്തരമൊരു പരാമർശം നടത്തുന്നത് ആശ്ചര്യകരമാണ്. ഇത് സാമൂഹ്യ നീതിയോടുളള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അഭാവമാണ് കാണിക്കുന്നത്.
രാജ്യത്ത് നിലവിലുളള സംവരണ തത്വങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ചോദ്യംചെയ്യുന്ന സമീപനമാണിത്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിന്റെ പുരോഗമനപരമായ കാഴ്ച്ചപ്പാടുകളെ ചോദ്യംചെയ്യുന്നതാണെന്നും നമ്മുടെ സമൂഹം വർണ്ണ-ജാതി വിവേചനങ്ങളിൽ നിന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുമ്പോൾ ഇത്തരം പരാമർശങ്ങൾ സാമൂഹിക ഭിന്നത വളർത്താനേ ഉപകരിക്കുകയുളളുവെന്നും മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യാമാണ്.
ഇത് ഒരു വ്യക്തിയുടെ മാത്രം അഭിപ്രായമായി കാണാനാകില്ല, മറിച്ച് ബിജെപിയുടെ സാമൂഹിക കാഴ്ച്ചപ്പാടുകളിലുളള അബദ്ധ ധാരണകളെയാണ് ഇത് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളം സാമൂഹ്യനീതിക്കും സമത്വത്തിനും പ്രാധാന്യം നൽകുന്ന സംസ്ഥാനമാണെന്നും ഇവിടെ ജാതിയുടെ പേരിൽ ആരെയും മാറ്റിനിർത്തുന്നതിനോ അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനോ സർക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments