ഫണ്ട് വെട്ടിപ്പ് ; സുരേന്ദ്രൻ വിഭാഗത്തെ അകറ്റി നിർത്തും , പുതിയ ഭാരവാഹി പട്ടികയിലും പരിഗണന നൽകില്ല

തിരുവനന്തപുരം
വി മുരളീധരനും കെ സുരേന്ദ്രനും നേതൃത്വം നൽകുന്ന സംഘത്തെ ചുമതലകൾ ഏൽപ്പിക്കാത്തത് സ്ഥിരം ഫണ്ട് വെട്ടിപ്പ് നടത്തുന്നതിനാലെന്ന് ഔദ്യോഗിക വിഭാഗം. കേന്ദ്ര നേതൃത്വം ഇത് ആവശ്യപ്പെട്ടിരുന്നു. പുതിയ ഭാരവാഹി പട്ടിക പുറത്തുവരുന്നതോടെ പി കെ കൃഷ്ണദാസ് വിഭാഗം കൂടുതൽ ശക്തമാകും. പത്രസമ്മേളനങ്ങളിൽ എം ടി രമേശ്, കെ സുരേഷ് തുടങ്ങിയവരെയാണ് രാജീവ് ചന്ദ്രശേഖരൻ കൂടെ നിർത്തുന്നത്. കോർ കമ്മിറ്റി യോഗത്തിൽ സുരേന്ദ്രൻ പ്രസിഡന്റിനെ മോശമാക്കി ചിത്രീകരിച്ചതും ഗൗരവമായാണ് എടുത്തിട്ടുള്ളത്.
തെരഞ്ഞെടുപ്പു വേളകളിൽ കേന്ദ്രത്തിൽ നിന്ന് ഔദ്യോഗികമായും കള്ളപ്പണമായും വൻതോതിൽ ഇറക്കിയ ഫണ്ടിൽ നല്ലൊരുഭാഗം സുരേന്ദ്രനും കൂട്ടരും മുക്കി. അക്കൗണ്ട് വഴി എത്തുന്ന പണത്തിനും കള്ളക്കണക്ക് എഴുതിയെന്നും രാജീവിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. രാജീവിനെ പ്രസിഡന്റ് സ്ഥാനം ഏൽപ്പിക്കാൻ പ്രധാന കാരണവും ഈ ചോർച്ച തടയലാണെന്നും ഇവർ വാദിക്കുന്നു.
12ന് ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിർമാണത്തിലും അഴിമതിയാരോപണമുണ്ട്. അമിത് ഷാ പ്രസിഡന്റായിരുന്നപ്പോൾ ആറുമാസത്തിനകം പണിതീർക്കാൻ 15 കോടി രൂപ അനുവദിച്ചിരുന്നു. ആ പണത്തിൽ നല്ലൊരു പങ്ക് എവിടെ പോയെന്നത് ദുരൂഹമാണ്. സ്‌പോൺസർഷിപ്പ് വഴിയും മറ്റും പണം പിരിച്ചു. കെട്ടിടം നിർമ്മിക്കുന്നതിനായി നീക്കിയ മണ്ണ് വിറ്റതിലും അഴിമതിനടത്തി. വൻവിവാദമായതോടെ എട്ടാം വർഷത്തിൽ തിരക്കിട്ട് പണി നടത്തുകയായിരുന്നു.
അതേസമയം, അക്കാലത്ത് ജില്ലാ പ്രസിഡന്റായിരുന്നത് ഇപ്പോൾ രാജീവ് ചന്ദ്രശേഖറിന്റെ വലംകയ്യായി നിൽക്കുന്ന കെ സുരേഷാണെന്ന് മറുഭാഗം ഓർമിപ്പിക്കുന്നു. കൊടകര കുഴൽപ്പണ കവർച്ച കേസിലും മഞ്ചേശ്വരത്തെ സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്കും സി കെ ജാനുവിനും പണം നൽകിയ കേസുകളിലും കെ സുരേന്ദ്രനെതിരെയായിരുന്നു ആരോപണം.
പാർടിയുടെ ആവശ്യങ്ങൾക്കായി കൊടുത്തുവിടുന്ന പണം സ്വന്തം കീശ വീർപ്പിക്കാൻ ഉപയോഗിക്കുന്നവരെ പ്രധാന ഉത്തരവാദിത്തം ഏൽപ്പിക്കേണ്ടെന്ന് ദേശീയ പ്രസിഡന്റടക്കം നിർദേശമുണ്ടെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വാദം. തെറിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഒഴിയുന്നുവെന്ന് പ്രചരിപ്പിച്ച് സുരേന്ദ്രൻ നാടകം കഴിച്ചതെന്നും ഇവർ പറയുന്നു.









0 comments