വയനാട്‌ ഡിസിസി ട്രഷറർ ആത്മഹത്യ ; കെ സുധാകരനെ 
ചോദ്യം ചെയ്യും

k sudhakaran
വെബ് ഡെസ്ക്

Published on Mar 15, 2025, 02:03 AM | 1 min read


കൽപ്പറ്റ : വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും മരിച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ അന്വേഷകസംഘം ചോദ്യംചെയ്യും. ബത്തേരി അർബൻ ബാങ്ക്‌ ഉൾപ്പെടെ കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനക്കോഴയിൽ കുരുങ്ങി ആത്മഹത്യയുടെ വക്കിൽനിൽക്കുമ്പോൾ വിജയൻ, സുധാകരന്‌ കത്തുകൾ അയച്ചിരുന്നു. ഇതിലെ വിശദാംശങ്ങളും അതിൻമേൽ എടുത്ത നടപടികളും അറിയുന്നതിന്‌ കെ സുധാകരനെ വൈകാതെ ചോദ്യംചെയ്യുമെന്ന്‌ ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫ്‌ പറഞ്ഞു.


നേതാക്കളുടെ ചതിയിൽപ്പെട്ട്‌ കോടികളുടെ ബാധ്യത വന്നതും പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്നും കാണിച്ചായിരുന്നു കെ സുധാകരന്‌ 2022 മുതൽ വിജയൻ കത്തയച്ചത്‌. ഇത്‌ അവഗണിച്ചതാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണം. സുധാകരന്‌ നൽകിയ കത്തിലെ അതേ കാര്യങ്ങളാണ്‌ വിജയന്റെ ആത്മഹത്യാക്കുറിപ്പുകളിലും.


കേസിലെ ഒന്നും രണ്ടും പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ, മൂന്നാംപ്രതി മുൻ കോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥൻ എന്നിവരെ പൊലീസ്‌ നേരത്തെ അറസ്റ്റ്‌ചെയ്‌തിരുന്നു. മൂവരും ജാമ്യത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home