സതീശന്റെ ശ്രമം അപവാദം പ്രചരിപ്പിച്ച കോൺഗ്രസുകാരെ രക്ഷിക്കാൻ: കെ എൻ ഉണ്ണികൃഷ്ണൻ

കെ എൻ ഉണ്ണികൃഷ്ണൻ, വി ഡി സതീശൻ
കൊച്ചി: അപവാദ പ്രചാരണം കോൺഗ്രസ് പ്രവർത്തകരെ രക്ഷിക്കാനാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്ന് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ. തനിക്കെതിരെ അടിസ്ഥാനമില്ലാത്തതും വ്യാജവുമായ പ്രചാരണത്തിന് ആദ്യം തുടക്കമിട്ടത് വൈപ്പിനിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ്. പിന്നീട് തന്റെ പേരും ചിത്രങ്ങളും വെച്ച് സോഷ്യൽമീഡിയയിൽ പ്രചരിച്ചപ്പോൾ, രാഷ്ട്രീയജീവിതം കളങ്കപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണെന്ന് മനസിലായി. എന്നാൽ അപവാദം പ്രചരിപ്പിക്കുന്ന കോൺഗ്രസുകാരെ തിരുത്താൻ പ്രതിപക്ഷനേതാവ് തയ്യാറായിട്ടില്ല. ഇതിന് പിന്നിലുള്ള കോൺഗ്രസ് പ്രവർത്തകരെയും, എത്തിച്ചേര്‍ന്ന ജീർണിച്ച സംസ്കാരത്തിൽനിന്ന് കോൺഗ്രസിനെയും രക്ഷിക്കാനുള്ള പാഴ്ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇത്തരത്തിൽ വ്യാജവും മ്ലേച്ഛവുമായ പ്രചാരണം കോൺഗ്രസുകാർ നടത്തുമ്പോൾ പ്രതിപക്ഷനേതാവ് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇതിൽ നേതൃത്വത്തിന് പങ്കില്ലെങ്കിൽ കോൺഗ്രസ് അത് നിഷേധിക്കണം. വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് സതീശൻ സിപിഐ എമ്മിനെതിരെ പറഞ്ഞതെന്നും കെ എൻ ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
അപവാദ പ്രചാരണം നടത്തുന്നവർക്കതിരെ നിയമനടപടി ആവശ്യപ്പെട്ട് കെ എൻ ഉണ്ണികൃഷ്ണനും കെ ജെ ഷൈനും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.









0 comments