യുഎസ് പ്രതികാരച്ചുങ്കം ; കേരളത്തിന് നഷ്ടം 4500 കോടി : ധനമന്ത്രി

തിരുവനന്തപുരം
കേന്ദ്ര നയങ്ങളാൽ പരിമിതപ്പെട്ട സംസ്ഥാനത്തിന്റെ വരുമാനമേഖലയ്ക്ക് യു എസ് പ്രതികാരച്ചുങ്കം കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ജിഎസ്ടി, പൊതുകടം വാങ്ങുന്നതിലെ പരിധി, തനത് നികുതി വരുമാനം ഉയര്‍ത്തല്‍ സാധ്യതകളുടെ കുറവ് എന്നിവയാൽ ഇപ്പോൾതന്നെ പ്രയാസത്തിലാണ്. യുഎസ് പ്രതികാരച്ചുങ്കം കൂടി ആയതോടെ കയറ്റുമതി മേഖലയില്‍ 2500 മുതല്‍ 4500 കോടി രൂപവരെ വാർഷിക വരുമാനനഷ്ടം വരുമെന്നാണ് വിലയിരുത്തലെന്നും നിയമസഭയിൽ പി പി ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
സമുദ്രോല്‍പ്പന്നം, സുഗന്ധ വ്യഞ്ജനം, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ മേഖലകളില്‍ താരിഫ് നയം ബാധിക്കും. ഇൗ മേഖലകളിലെല്ലാം അമേരിക്കയിലേക്കുള്ള കയറ്റുമതി ഓർഡർ കുറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡർ റദ്ദാക്കല്‍, കോള്‍ഡ് സ്റ്റോറേജുകളിലെ സ്റ്റോക്ക് കുമിഞ്ഞുകൂടല്‍, സംസ്കരണ സംവിധാനങ്ങളുടെ ഉപയോഗനിരക്ക് 20 ശതമാനത്തില്‍ താഴെയാകൽ തുടങ്ങിയ പ്രശ്‌നങ്ങളുണ്ട്. എല്ലാമേഖലയിലും തൊഴിൽനഷ്ടം വരും. ഇതെല്ലാം കേന്ദ്ര ധനമന്ത്രിയെയും 16–ാം ധനകമീഷനെയും ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.









0 comments