'സർക്കാർ നടപടിയിൽ തൃപ്തി'; കെ കെ ശൈലജ ബിന്ദുവിന്റെ വീട്ടിലെത്തി

തിരുവനന്തപുരം: രാത്രിയിൽ നിയമവിരുദ്ധമായി പൊലീസ് കസ്‌റ്റഡിയിൽവച്ച് മാനസിക പീഡനം നേരിട്ട ദളിത് യുവതി ആർ ബിന്ദുവിനെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ സന്ദർശിച്ചു. സർക്കാരിൻ്റെ നടപടിയിൽ തൃപ്തയാണെന്ന് ബിന്ദു പറഞ്ഞു. എംഎൽഎ ഡി കെ മുരളി, മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, ഏരിയാ സെക്രട്ടറി സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ജോലി ചെയ്തിരുന്ന കുടപ്പനക്കുന്ന് എൻസിസി റോഡിലെ വീട്ടിൽനിന്ന് 18 ഗ്രാമിന്റെ മാല ബിന്ദു മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടുടമ ഓമന ഡാനിയേൽ നൽകിയ പരാതിയിലായിരുന്നു ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽനിന്നുതന്നെ മാലകിട്ടിയതോടെ ബിന്ദുവിനെതിരെയെടുത്ത എഫ്ഐആർ പൊലീസ് പിന്നീട് റദ്ദാക്കി.
കുടപ്പനക്കുന്ന് എൻസിസി റോഡിലെ വീട്ടിൽനിന്ന് ഏപ്രിൽ19നാണ് മാല കാണാതായത്. 23ന് പൊലീസിന് പരാതി ലഭിച്ചു. അന്ന് വൈകിട്ട് നാലിന് അമ്പലംമുക്കിലെ ബസ്‌സ്റ്റോപ്പിൽ വീട്ടിലേക്ക് പോവാൻ ബസ് കാത്തുനിന്ന ബിന്ദുവിനെ പേരൂർക്കട സ്റ്റേഷനിൽനിന്ന് വിളിച്ച് എത്താൻ ആവശ്യപ്പെടുകയായിരുന്നു. 24ന് രാവിലെ ഒമ്പതോടെ വീട്ടുടമ ഓമനയും മകളും സ്റ്റേഷനിലെത്തി മാല കിട്ടിയെന്നറിയിച്ചു. പതിനൊന്നരയോടെ എസ്ഐ പ്രസാദ് ബിന്ദുവിനെ മുറിയിലേക്ക് വിളിച്ച് പരാതി പിൻവലിച്ചെന്ന് അറിയിക്കുകയായിരുന്നു.









0 comments