വ്യക്തി അധിക്ഷേപം: പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രിമാരും

തിരുവനന്തപുരം
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ അധിക്ഷേപങ്ങളിൽ വ്യാപക പ്രതിഷേധം. പ്രതിപക്ഷ–-മാധ്യമ കൂട്ടുകെട്ടിൽ ഒരാഴ്ചയിലധികമായി തുടരുന്ന അധിക്ഷേപം കോട്ടയം മെഡിക്കൽ കോളേജ് അപകടത്തോടെ സീമകൾ ലംഘിക്കുകയായിരുന്നു. വ്യക്തി അധിക്ഷേപത്തിനെതിരെ മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതിയും കെ കെ ശൈലജയും പ്രതികരിച്ചു.
കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധരീതി എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുവെന്ന് പി കെ ശ്രീമതി പറഞ്ഞു. ആരോഗ്യമന്ത്രി വനിത ആയതുകൊണ്ടാണോ ശവപ്പെട്ടിയുമായി യൂത്ത് കോൺഗ്രസുകാൾ പ്രക്ഷോഭം നടത്തിയത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയ്‌ക്കെതിരായ ഇത്തരം അധിക്ഷേപങ്ങൾ അംഗീകരിക്കാനാകില്ല. പ്രതിഷേധത്തിന് മൂർച്ച കൂട്ടാൻ സംസ്കാരശൂന്യവും നിന്ദ്യവുമായ നിലപാട് സ്വീകരിക്കുന്നത് അന്തസുള്ള ഒരു സംഘടനക്ക് യോജിച്ചതല്ല– അവർ ഫെയ്‌സബുക്ക് പോസ്റ്റിൽ കുറിച്ചു.
ബിന്ദുവിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. എന്നാൽ ആ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ കെ ശൈലജ എംഎൽഎ പറഞ്ഞു. എൽഡിഎഫ് ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കൽ കോളേജിന് ഉണ്ടായത്. ഇപ്പോൾ തകർന്നുവീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കിഫ്ബിയിൽ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം നിർമ്മാണ പ്രവർത്തനത്തിന് തടസം നേരിട്ടെങ്കിലും അത് പൂർത്തിയാക്കിക്കഴിഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാൻ തീരുമാനിച്ചതിനിടയിലാണ് സംഭവമുണ്ടായത്.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ മുൻകയ്യെടുത്താണ് എല്ലാ വികസനങ്ങളും നടന്നത്. ഇപ്പോഴത്തെ മന്ത്രി വീണാ ജോർജടക്കം പിന്തുണയേകി. ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറെയും ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെയും മന്ത്രിയെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് എന്തിനെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അവർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.









0 comments