അപവാദപ്രചാരണം പ്രതിപക്ഷനേതാവിന്റെ അറിവോടെ : കെ ജെ ഷൈൻ

പറവൂർ
തനിക്കെതിരായ അപവാദപ്രചാരണം പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അറിവോടെയാണെന്ന് കെ ജെ ഷൈൻ. കോൺഗ്രസ് നേതാക്കളും അവരുടെ സൈബർ ടീമുമാണ് ആസൂത്രിത സൈബർ ആക്രമണം നടത്തുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമീഷനും പരാതി നല്‍കിയെന്നും പറവൂരിലെ വീട്ടിൽ മാധ്യമങ്ങളോട് അവർ പറഞ്ഞു.
വലതുപക്ഷ രാഷ്ട്രീയത്തിൽനിന്നുതന്നെയാണ് ഗൂഢാലോചന ഉണ്ടായത്. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആളുടെ അക്കൗണ്ടിൽനിന്നാണ് കുപ്രചാരണമുണ്ടായത്. പ്രതിപക്ഷനേതാവ് അറിയാതെ ഇതൊന്നും നടക്കില്ല. അദ്ദേഹത്തിന് അറിവില്ലെങ്കിൽ, തെറ്റായ പ്രചാരണങ്ങളുണ്ടായപ്പോൾ ഇടപെട്ട് അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്.
ലൈംഗികാരോപണക്കേസിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ രക്ഷിക്കാൻ പലശ്രമങ്ങൾ നടത്തിയിട്ടും യുഡിഎഫിനും കോൺഗ്രസിനും കഴിയുന്നില്ല. ഇൗ നിസഹായാവസ്ഥയിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരായ ആരോപണം. തന്നെയും ഒരു എംഎൽഎയെയും കൂട്ടി മോശമായ ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും സെപ്‌തംബർ 11ന് ഒരു പൊതുവേദിയിൽവച്ച് സുഹൃത്തുകൂടിയായ കോൺഗ്രസ് പ്രാദേശിക നേതാവ് സൂചിപ്പിച്ചിരുന്നു. അതിനുശേഷമാണ് വ്യാജപ്രചാരണമുണ്ടായതെന്നും ഷൈൻ പറഞ്ഞു.
വ്യക്തിഹത്യയാണ് നടക്കുന്നതെന്നും കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള അപചയമാണിതെന്നും ഷൈനിന്റെ ഭർത്താവ് ഡൈന്യൂസ് തോമസ് പ്രതികരിച്ചു.
പരാതിയിൽ കേസെടുത്തു
തനിക്കും കുടുംബത്തിനുമെതിരെ വിവിധ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന സിപിഐ എം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തി സി കെ ഗോപാലകൃഷ്ണൻ, കെ എം ഷാജഹാൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. വ്യക്തികൾക്കും, മാധ്യമങ്ങൾക്കും , സമൂഹമാധ്യമ ഹാൻഡിലുകൾക്കുമെതിരെയാണ് കെ ജെ ഷൈൻ പരാതി നൽകിയത്.
പറവൂരിലെ വീട്ടിലെത്തി പൊലീസ് ഉദ്യോഗസ്ഥർ ഷൈനിന്റെ മൊഴിയെടുത്തു. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമീഷൻ, മുനമ്പം ഡിവൈഎസ്‌പി എന്നിവർക്ക് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അന്വേഷകസംഘത്തെ അറിയിച്ചുവെന്ന് കെ ജെ ഷൈൻ പറഞ്ഞു. മുനന്പം ഡിവെഎസ്‌പി എസ് ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.
കുപ്രചാരണം: മലക്കംമറിഞ്ഞ് ഡിസിസി പ്രസിഡന്റ്
കെ ജെ ഷൈനിനെതിരായ സൈബർ കുപ്രചാരണത്തിൽ മലക്കംമറിഞ്ഞ് കോൺഗ്രസ് എറണാകുളം ജില്ലാ നേതൃത്വം. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ കോൺഗ്രസിന്റെ ഉത്തരവാദപ്പെട്ടവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
സൈബറിടങ്ങളിൽ തോന്നുന്നതുപോലെ എഴുതാൻ കോൺഗ്രസ് ആരെയും നിയോഗിച്ചിട്ടില്ല. ബി ആർ എം ഷെഫീർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കെ ജെ ഷൈനിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ വിമർശമുയർന്നിരുന്നു. ഇതെല്ലാം തിരിച്ചടിച്ചപ്പോഴാണ്, തെളിവില്ലാത്തതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉന്നയിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഡിസിസി പ്രസിഡന്റ് കൈകഴുകിയത്. കോൺഗ്രസിനെ സ്‌നേഹിക്കുന്നവർ അച്ചടക്കം പാലിക്കണമെന്നും ആരുടെയെങ്കിലും മെക്കിട്ടുകയറാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
സ്ത്രീത്വത്തിനെതിരായ കടന്നാക്രമണം കേരളത്തെ പിന്നോട്ടടിപ്പിക്കാൻ: ബിനോയ് വിശ്വം
സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അവഹേളിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തന ശൈലി കേരളത്തില്‍ വ്യാപകമാകുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീയുടെ അന്തസ്സിനെക്കുറിച്ചും സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചും കാലങ്ങളിലൂടെ കേരളം വളര്‍ത്തിയെടുത്ത പ്രബുദ്ധമായ സമീപനങ്ങളെ ചോദ്യംചെയ്യുന്ന ശൈലിയാണിത്.
എല്ലാ രംഗത്തും നിവര്‍ന്നുനില്‍ക്കാന്‍ അവകാശം പിടിച്ചുപറ്റിയ കേരളീയ സ്ത്രീത്വം ഇത്തരം ആക്രമണങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തുമെന്ന് കരുതുന്നവരെ നയിക്കുന്നത് ഫ്യൂഡലിസം ബാക്കിവച്ചുപോയ കാലഹരണപ്പെട്ട ആണധികാര താൽപ്പര്യങ്ങളാണ്. എല്ലാ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ചുനിന്ന് ഈ നീക്കത്തെ ചേര്‍ത്തുതോല്‍പ്പിക്കണം. ആരോഗ്യകരമായ ആണ്‍– പെണ്‍ ബന്ധങ്ങളുടെ അന്തസ്സാര്‍ന്ന ജനാധിപത്യ സംസ്‌കാരം ഊട്ടിവളര്‍ത്താന്‍ യോജിക്കാവുന്ന എല്ലാവരുമായി കൈകോര്‍ക്കാന്‍ സിപിഐ സന്നദ്ധമാണെന്നും ബിനോയ് വിശ്വം പ്രസ്‌താവനയിൽ അറിയിച്ചു.
സത്യം ജയിക്കും: കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ
വ്യാജ അപവാദപ്രചാരണം അവസാനിപ്പിച്ച് സംശുദ്ധമായ രാഷ്‌ട്രീയ സംസ്‌കാരം നിലനിർത്താൻ കോൺഗ്രസ് തയ്യാറാകണമെന്ന് കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ. കേവലം ചെറിയ പ്രദേശത്തുമാത്രം ഒതുങ്ങുന്നതല്ല സൈബർ ഇടത്തിലെ അപവാദപ്രചാരണം. വ്യാജപ്രചാരണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടും സൈബറിടങ്ങളിൽ അത് തുടരുകയാണ്. ഒടുവിൽ സത്യം ജയിക്കുകതന്നെ ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.
വ്യാജവാർത്തയുടെ ഉറവിടം പറവൂരിലെ കോൺഗ്രസ് പ്രാദേശികനേതാവ് ചെട്ടിശേരിൽ സി കെ ഗോപാലകൃഷ്‌ണനാണെന്ന് തിരിച്ചറിഞ്ഞു. പ്രതിപക്ഷം എന്ന ഓൺലൈൻ ചാനലിലൂടെ കെ എം ഷാജഹാൻ പ്രചരിപ്പിക്കുന്ന വീഡിയോയും കോൺഗ്രസ് സൈബറിടങ്ങൾ പ്രചരിപ്പിച്ചു. വിഭാഗീയതയുടെ പേരിൽ സിപിഐ എമ്മിൽനിന്ന് പുറത്തുപോയ വ്യക്തിയാണ് ഷാജഹാൻ.
കോൺഗ്രസുമായി ബന്ധമുള്ള ഷാജി ജേക്കബ്, പൂണിത്തുറയിലെ കോൺഗ്രസ് നേതാവ് ഹാരിഷ്, അഡ്വ. സതി നാരായണൻ, ഷംനാദ് അബ്ദുൾ റഷീദ്, കുന്നത്തുനാട് പിണർമുണ്ടയിലെ ഷാനു എന്ന ഷാനവാസ് തുടങ്ങിയവർ സമൂഹമാധ്യമത്തിലൂടെ അപവാദപ്രചാരണം നടത്തി. യാസർ എടപ്പാൾ കൊണ്ടോട്ടി അബു എന്ന ഫെയ്‌സ്‌ബുക് പേജിലൂടെയും വ്യാജപ്രചാരണം നടത്തി. കോൺഗ്രസ് ഇന്ന് എത്തിയിരിക്കുന്ന സാംസ്‌കാരിക അധഃപതനമാണ് ഇതിലൂടെ തുറന്നുകാട്ടുന്നതെന്നും എംഎൽഎ വ്യക്തമാക്കി.









0 comments