കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണം ; കെ എം ഷാജഹാനെ ചോദ്യംചെയ്‌തു , വീണ്ടും ഹാജരാകണം

കൊച്ചി
സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയ യുട്യൂബർ കെ എം ഷാജഹാനെ സൈബർ പൊലീസ് അഞ്ചരമണിക്കൂറോളം ചോദ്യംചെയ്തു. ആലുവ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ബുധൻ പകൽ 1.45ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 7.15 വരെ നീണ്ടു. തിങ്കളാഴ്‌ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനുശേഷം പുറത്തിറങ്ങിയ ഷാജഹാനെതിരെ മുദ്രാവാക്യം മുഴക്കി ഡിവൈഎഫ്‌ഐ, സിപിഐ എം പ്രവർത്തകർ പ്രതിഷേധിച്ചു.
അധിക്ഷേപകരമായ വീഡിയോ ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഷാജഹാൻ അന്വേഷകസംഘത്തിന് കൈമാറി. കഴിഞ്ഞദിവസം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫോൺ പിടിച്ചെടുത്തെങ്കിലും മെമ്മറി കാർഡ് കണ്ടെത്തിയിരുന്നില്ല.
അതേസമയം, അപവാദ പ്രചാരണം നടത്തിയ പറവൂരിലെ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കി. അക്കൗണ്ട് നീക്കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം നേരത്തേ മെറ്റയ്ക്ക് കത്ത് നൽകിയിരുന്നു. ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ‘കൊണ്ടോട്ടി അബു’ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമ എടപ്പാൾ സ്വദേശി യാസറിനോട് ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.









0 comments