‘തോഴർ അച്യുതാനന്ദനുക്ക് തമിഴ്നാട് തോഴർകളിൻ വീരവണക്കം'

ജ്യോതിയും ഭർത്താവ് അജീഷും
വൈഷ്ണവ് ബാബു
Published on Jul 23, 2025, 01:15 AM | 1 min read
തിരുവനന്തപുരം
‘തോഴർ അച്യുതാനന്ദനുക്ക് തമിഴ്നാട് തോഴർകളിൻ വീരവണക്കം’ –-വിഎസ് അച്യുതാനന്ദനെ കാണാൻ ദർബാർ ഹാളിനുപുറത്ത് കാത്തുനിന്നവർക്കിടയിൽനിന്ന് തമിഴിൽ മുദ്രാവാക്യം ഉയർന്നു. വി എസിന്റെ വിയോഗമറിഞ്ഞ് തമിഴ്നാട്ടിൽനിന്ന്, അവസാനമായി ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് ഓടിയെത്തിയതാണ് അവർ. അവരിലുയർന്നത് വി എസ് ഉയർത്തിപ്പിടിച്ച ലോക മാനവികതയുടെ സ്വരം.
‘‘വി എസിനെപ്പോലൊരു നേതാവ് പറവൈ ഗ്രാമത്തിലുണ്ടായിരുന്നെങ്കിൽ, പെണ്ണുങ്ങൾക്ക് ഇഷ്ടമില്ലാത്ത പുരുഷനെ വിവാഹം കഴിക്കേണ്ടിവരില്ലായിരുന്നു. ’’–- പട്ടത്ത് താമസിക്കുന്ന, തമിഴ്നാട് മധുരൈ പറവൈ സ്വദേശിനി ജ്യോതിപ്രിയ ദർബാർ ഹാളിൽനിന്ന് വി എസിനെ കണ്ടിറങ്ങുമ്പോൾ വിതുമ്പി .
‘‘ ഞാൻ കമ്യൂണിസം മനസ്സിലാക്കിയത് കേരളത്തിൽനിന്നാണ്. പറവൈ ഗ്രാമത്തിലെ അനീതിയിൽനിന്ന് എന്നെ രക്ഷിച്ചത് ഇവിടെ സഖാക്കളാണ്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയതും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ പഠിപ്പിച്ചതും കമ്യൂണിസ്റ്റ് കേരളമാണ്. വിഎസിന്റെയും സിപിഐ എം നേതാക്കളുടെയുമൊക്കെ ഇടപെടലാണ് ഈ നാടിനെ സുന്ദരമാക്കിയത്’’–- എംബിഎ ബിരുദധാരിയായ ജ്യോതിപ്രിയ പറഞ്ഞു.
ഇഷ്ടമില്ലാത്ത പുരുഷനെ വിവാഹം കഴിക്കാൻ നിർബന്ധിക്കപ്പെട്ട ജ്യോതി 2013ലാണ് കേരളത്തിലെത്തിയത്. ചെന്നൈയിൽ ജോലി ചെയ്യുമ്പോൾ കൊടുങ്ങല്ലൂർ സ്വദേശിയായ സുഹൃത്ത് അർച്ചനവഴിയാണ് സിപിഐ എമ്മിനെക്കുറിച്ചും വി എസ് അച്യുതാനന്ദനെക്കുറിച്ചും അറിഞ്ഞത്. കൂടുതൽ കേട്ടപ്പോൾ കേരളത്തിൽനിന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് കൊടുങ്ങല്ലൂരുകാരൻ അജീഷിനെ ജീവിതസഖാവാക്കിയത്. അജീഷിന് പ്ലാനിങ് ബോർഡിൽ ജോലി ലഭിച്ചശേഷം പട്ടത്തേക്ക് താമസം മാറി.









0 comments