‘അന്വേഷണത്തിൽ തൃപ്‌തി, ഓഫീസിൽ കയറി അറസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് ബാർ അസോ. സെക്രട്ടറി പറഞ്ഞു’; മർദനമേറ്റ അഭിഭാഷക

തിരുവനന്തപുരം: പൊലീസ് അന്വേഷണത്തിൽ തൃപ്‌തിയുണ്ടെന്നറിയിച്ച് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സീനിയർ അഭിഭാഷകന്റെ അക്രമത്തിനിരയായ ജെ വി ശ്യാമിലി. ജൂനിയർ അഭിഭാഷകയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൻ മേലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ജൂനിയർ അഭിഭാഷകയായ ശ്യാമിയിലിയെ മർദിച്ച വിവരം പുറത്തുവന്നതോടെ പ്രതി ബെയ്‌ലിൻ ദാസ് ഒളിവിൽ പോയി.
തന്നെ മര്‍ദിച്ച അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ പൊലീസ് ഓഫീസില്‍കയറി അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി തടഞ്ഞുവെന്നും ജെ വി ശ്യാമിലി ആരോപിക്കുന്നു. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബെയ്‌ലിൻ ദാസ് കൂടെ നിന്നതിന്റെ ഭാഗമായിട്ടാവാം സെക്രട്ടറി അറസ്റ്റിനെ തടഞ്ഞതെന്നും അവർ പറഞ്ഞു. സംഭവത്തിൽ ബാർ കൗൺസിലിന് പരാതി നൽകിയിട്ടുണ്ടെന്നും അവര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമിലി പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
‘പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണത്തില്‍ പരാതിയില്ല. തൃപ്തിയുണ്ട്. ബാര്‍കൗണ്‍സിലിന് ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു. നിയമനടപടിയുമായി മുന്നോട്ട് കൊണ്ടുപോകാന്‍തന്നെയാണ് തീരുമാനം. എല്ലാ ഭാഗത്ത് നിന്നും പിന്തുണ കിട്ടുന്നുണ്ട്. സുപ്രീംകോടതിയില്‍നിന്നു വരെ വിളിച്ച് പിന്തുണ അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ടു പോകും, നീതി ലഭിക്കും വരെ പോരാട്ടം തുടരു’മെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
Related News
അതേ സമയം മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് നിയമസഹായവും നല്‍കുമെന്നും ബെയ്‌ലിനെ ബാര്‍ അസോസിയേഷന്റെ അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായും പ്രസിഡന്റ് പള്ളിച്ചല്‍ എസ് കെ പ്രമോദ് അറിയിച്ചിട്ടുണ്ട്. പോലീസിനെ ഭാരവാഹികള്‍ തടഞ്ഞെന്നത് ആരോപണംമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ അടിയിൽ നിലത്തുവീണു
"നീ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചാണ് മുഖത്തടിച്ചത്. ആദ്യ അടിയിൽ നിലത്തുവീണു. പിന്നീട് എണീറ്റ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടിക്കുകയായിരുന്നു. ഇതിനുമുമ്പും സർ ഇതുപോലെ പെരുമാറിയിട്ടുണ്ട്. ദേഷ്യം വന്നാൽ ഫയലുകൾ എടുത്ത് ദേഹത്തേക്കെറിയും.' ജെ വി ശ്യാമിലിയുടെ വാക്കുകളാണിത്. ഏഴുമാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ പക്കൽ ഏൽപ്പിച്ചാണ് ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ വൈ ബെയ്ലിൻ ദാസ് നിർദേശിച്ചപ്രകാരം ശ്യാമിലി ഓഫീസിലെത്തിയത്. എന്നാൽ, ശ്യാമിലിയെ കാത്തിരുന്നത് ക്രൂരപീഡനമായിരുന്നു.
പ്രസവാവധിക്കുശേഷം മൂന്നുമാസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ, വ്യാഴാഴ്ചമുതൽ ജോലിക്ക് വരേണ്ടയെന്ന് സർ പറഞ്ഞു. കാരണം ചോദിച്ചിട്ടും മറുപടി പറഞ്ഞില്ല. പിന്നീട് ചൊവ്വാഴ്ച വീണ്ടും വരണമെന്ന് വിളിച്ചുപറഞ്ഞു. വന്നപ്പോൾ മുമ്പ് ഓഫീസിൽ പ്രശ്നമുണ്ടാക്കിയ മറ്റൊരു ജൂനിയറുടെ വിഷയം സാറിനോട് പറഞ്ഞു. കോടതിയിൽ പോയി വന്നശേഷം ഇതേവിഷയവും എന്നെ എന്തിനാണ് പുറത്താക്കിയതെന്നും സാറിന്റെ കാബിനിൽ പോയി ചോദിച്ചു. സംസാരിക്കാൻ താൽപ്പര്യമില്ലെന്നും തന്റെ കാര്യത്തിൽ ജൂനിയർ ഇടപെടേണ്ട എന്നും പറഞ്ഞു. സാർ എന്തെങ്കിലും തീരുമാനിക്കെന്ന് പറഞ്ഞപ്പോഴാണ് പ്രകോപിതനായി മുഖത്തടിച്ചതെന്നും ശ്യാമിലി പറയുന്നു.









0 comments