എൽഡിഎഫ് കൗൺസിലറായും പ്രവർത്തിച്ചു , അവസാനം പങ്കെടുത്തത് ജന്മനാട്ടിലെ പരിപാടിയിൽ
ജസ്റ്റിസ് പി ഡി രാജൻ നാടിന് പ്രിയപ്പെട്ട "പൊതുപ്രവർത്തകൻ'

കോഴഞ്ചേരി
സംസ്ഥാനത്ത് ആദ്യമായി പ്ലസ്‌വൺ അനുവദിച്ച അഞ്ച് സ്കൂളുകളിലൊന്ന് ഇടയാറന്മുള എഎം എച്ച്‌എസ്‌എസ് ആയിരുന്നു. അതിന് ചുക്കാൻ പിടിച്ചത് നാടിന്റെ പ്രിയ പൊതുപ്രവർത്തകൻ കൂടിയായ പി ഡി രാജനും. സാമൂഹിക, സാംസ്കാരിക, പൊതുരംഗത്തും ഔദ്യോഗിക രംഗത്തും ശ്രദ്ധേയമായ സേവനം നൽകിയ ജസ്റ്റിസ് പി ഡി രാജന്റെ അപ്രതീക്ഷിത വിയോഗം ജന്മനാടിനെ ദുഖത്തിലാഴ്‌ത്തി. ശനിയാഴ്ച ആറന്മുളയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്തത്.
ജന്മനാട്ടിലെ ചടങ്ങുകഴിഞ്ഞ് എറണാകുളത്തെ വീട്ടിൽ എത്തിയശേഷമായിരുന്നു മരണം. തദ്ദേശവകുപ്പ് ഓംബുഡ്സ്‌മാനായി ചുമതല വഹിക്കുകയായിരുന്നു. ആറന്മുള പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വിതരണമായിരുന്നു അവസാന പൊതുപരിപാടി.
അധ്യാപകൻ, അഭിഭാഷകൻ, ജില്ലാ കൗൺസിൽ അംഗം, ജില്ലാ ജഡ്ജി, നിയമസഭാ സെക്രട്ടറി, ഹൈക്കോടതി ജഡ്ജി, പ്രവാസി കമീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷമാണ് തദ്ദേശവകുപ്പ് ഓംബുഡ്സ്‌മാനായി നിയമിതനാകുന്നത്. പത്തനംതിട്ടയിൽ അഭിഭാഷകനായിരുന്ന കാലത്താണ് കോയിപ്രം ഡിവിഷനിൽനിന്ന് എൽഡിഎഫിന്റെ ജില്ലാ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീടാണ് ജില്ലാ ജഡ്ജിയായി നിയമിതനാകുന്നത്. യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പുറപ്പെടുവിച്ച സുപ്രധാന വിധിയും അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതാണ്.
അഞ്ചുവയസുകാരി മകൾ മാത്രം ദൃക്‌സാക്ഷിയായ കൊലപാതകക്കേസിൽ മരണംവരെ തടവായിരുന്നു പ്രതിക്ക് മാവേലിക്കര ജില്ലാ ജഡ്‌ജിയായിരിക്കെ വിധിച്ചത്.









0 comments