സഹപ്രവർത്തകയായ അഭിഭാഷകയെ മർദിച്ച കേസ്; പ്രതി ഒളിവിൽ

ജെ വി ശ്യാമിലി, ബെയ്ലിൻ ദാസ്
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്‌ക്ക് മർദനമേറ്റ സംഭവത്തിൽ പ്രതി ഒളിവിൽ. പാറശാല കോട്ടവിള സ്വദേശിയുമായ ജെ വി ശ്യാമിലിയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ പൂന്തുറ ആലുകാട് ദാസ്ഭവനിൽ വൈ ബെയ്‌ലിൻ ദാസാണ് ഒളിവിൽ പോയിരിക്കുന്നത്. മർദനത്തിൽ മുഖത്ത് പരിക്കേറ്റ ശ്യാമിലിയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാർ അസോസിയേഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുൻപ്, പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയത് മറ്റ് അഭിഭാഷകരാണെന്ന ആക്ഷേപമുണ്ട്.
ദിവസങ്ങൾക്കുമുമ്പ് ബെയ്ലിൻ തന്റെ ജൂനിയറായിരുന്ന ശ്യാമിലിയെ ജോലിയിൽനിന്ന് അകാരണമായി പറഞ്ഞുവിട്ടിരുന്നു. പിന്നീട് തിങ്കളാഴ്ച ഇയാൾ ശ്യാമിലിയെ ഫോണിൽ വിളിച്ച് ചൊവ്വാഴ്ചമുതൽ ജോലിക്കെത്തണമെന്ന് നിർദേശിച്ചു. ജോലിക്കെത്തിയ ശ്യാമിലി തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിൽ മറ്റൊരു ജൂനിയറിനുള്ള പങ്കിനെക്കുറിച്ച് ബെയ്-ലിനുമായി സംസാരിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഇതിൽ പ്രകോപിതനായ ബെയ്ലിൻ ശ്യാമിലിയെ മർദിക്കുകയായിരുന്നു. മുഖത്തടിയേറ്റ് വീണ ശ്യാമിലി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മോപ്‌സ്റ്റിക്കുകൊണ്ട് വീണ്ടും മർദിച്ചു. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവച്ചായിരുന്നു മർദനം. ചൊവ്വ പകൽ 12.30ഓടെയായിരുന്നു സംഭവം.
Related News
ബെയ്ലിൻ ദാസിനെ പുറത്താക്കി
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽനിന്ന് താൽക്കാലികമായി പുറത്താക്കി. എന്താണ് നടന്നതെന്നതിനെക്കുറിച്ച് ബെയ്‌ലിൻ ദാസ് ബാർ കൗൺസിലിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. നീതി നേടിക്കൊടുക്കാൻ യുവ അഭിഭാഷകയ്ക്കൊപ്പമാണെന്നും അന്വേഷണത്തിനുശേഷം തുടർനടപടിയെടുക്കുമെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി.
ആദ്യ അടിയിൽ നിലത്തുവീണു
"നീ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചാണ് മുഖത്തടിച്ചത്. ആദ്യ അടിയിൽ നിലത്തുവീണു. പിന്നീട് എണീറ്റ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടിക്കുകയായിരുന്നു. ഇതിനുമുമ്പും സർ ഇതുപോലെ പെരുമാറിയിട്ടുണ്ട്. ദേഷ്യം വന്നാൽ ഫയലുകൾ എടുത്ത് ദേഹത്തേക്കെറിയും.' ജെ വി ശ്യാമിലിയുടെ വാക്കുകളാണിത്. ഏഴുമാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ പക്കൽ ഏൽപ്പിച്ചാണ് ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ വൈ ബെയ്ലിൻ ദാസ് നിർദേശിച്ചപ്രകാരം ശ്യാമിലി ഓഫീസിലെത്തിയത്. എന്നാൽ, ശ്യാമിലിയെ കാത്തിരുന്നത് ക്രൂരപീഡനമായിരുന്നു.
പ്രസവാവധിക്കുശേഷം മൂന്നുമാസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ, വ്യാഴാഴ്ചമുതൽ ജോലിക്ക് വരേണ്ടയെന്ന് സർ പറഞ്ഞു. കാരണം ചോദിച്ചിട്ടും മറുപടി പറഞ്ഞില്ല. പിന്നീട് ചൊവ്വാഴ്ച വീണ്ടും വരണമെന്ന് വിളിച്ചുപറഞ്ഞു. വന്നപ്പോൾ മുമ്പ് ഓഫീസിൽ പ്രശ്നമുണ്ടാക്കിയ മറ്റൊരു ജൂനിയറുടെ വിഷയം സാറിനോട് പറഞ്ഞു. കോടതിയിൽ പോയി വന്നശേഷം ഇതേവിഷയവും എന്നെ എന്തിനാണ് പുറത്താക്കിയതെന്നും സാറിന്റെ കാബിനിൽ പോയി ചോദിച്ചു. സംസാരിക്കാൻ താൽപ്പര്യമില്ലെന്നും തന്റെ കാര്യത്തിൽ ജൂനിയർ ഇടപെടേണ്ട എന്നും പറഞ്ഞു. സാർ എന്തെങ്കിലും തീരുമാനിക്കെന്ന് പറഞ്ഞപ്പോഴാണ് പ്രകോപിതനായി മുഖത്തടിച്ചതെന്നും ശ്യാമിലി പറയുന്നു.









0 comments