അഭിഭാഷകയെ മർദ്ദിച്ച സംഭവം: അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെടും; മന്ത്രി പി രാജീവ്

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷക അഡ്വ. ശാമിലിയ്ക്ക് മർദ്ദനമേറ്റ സംഭവം അത്യന്തം ഗൗരവതരമെന്ന് മന്ത്രി പി രാജീവ്. സംഭവത്തിൽ അഭിഭാഷകയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവമായ അച്ചടക്കലംഘനത്തിന് ബാർ കൗൺസിൽ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ജ്യാമമില്ലാ വകുപ്പ് ചുമത്തി സീനിയർ അഭിഭാഷകൻ പൂന്തുറ ആലുകാട് ദാസ്ഭവനിൽ വൈ ബെയ്‌ലിൻ ദാസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസന്വേഷണ സമയത്ത് വേറെ പരാതികൾ വന്നാൽ അവയും ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ആരോപണവിധേയനായ അഭിഭാഷകന് പൊലീസ് സ്ഥലത്ത് എത്തുന്നതിനുമുമ്പ് രക്ഷപ്പെടാനുള്ള അവസരം മറ്റ് അഭിഭാഷകർ ഒരുക്കിട്ടുണ്ടെങ്കിൽ അക്കാര്യവും പൊലീസ് അന്വേഷിക്കും.
ജൂനിയർ അഭിഭാഷകരെ സീനിയർ അഭിഭാഷകർ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ബാർകൗൺസിൽ പരിഗണിക്കണമെന്നും ഇന്റേണൽ കമ്മിറ്റികൾ ആവശ്യമാണോ എന്നതും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയും പാറശാല കോട്ടവിള സ്വദേശിയുമായ ജെ വി ശ്യാമിലിക്കാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. സീനിയർ അഭിഭാഷകൻ പൂന്തുറ ആലുകാട് ദാസ്ഭവനിൽ വൈ ബെയ്‌ലിൻ ദാസാണ് മർദിച്ചത്. ശ്യാമിലിയുടെ മുഖത്ത് സാരമായ പരിക്കേറ്റു. പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments