വനിതാ കമീഷൻ കേസെടുത്തു
" ബെയ്‌ലിൻദാസ് ഇനി വക്കീൽക്കുപ്പായം അണിയരുത്'

തിരുവനന്തപുരം
ഇനി വക്കീൽ കുപ്പായമണിഞ്ഞ് ബെയ്‌ലിൻദാസ് കോടതിയിൽ കയറരുതെന്നാണ് ആഗ്രഹമെന്നും നിയമപരമായി പോരാടുമെന്നും ക്രൂരമർദ്ദനത്തിന് ഇരയായ അഭിഭാഷക കെ വി ശ്യാമിലി. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് നിയമം പഠിച്ചത്. അത്രയേറെ ഇഷ്‌ടപ്പെടുന്ന പ്രൊഫഷനാണ്. ഇദ്ദേഹത്തിന് കീഴിൽ മൂന്നു വർഷംമുമ്പാണ് പ്രാക്‌ടീസ് ആരംഭിച്ചത്. തിക്താനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. പല സന്ദർഭങ്ങളിലും വേദന തോന്നിയിട്ടുണ്ട്. ജഡ്‌ജിമാർക്കും ക്ലർക്കിനും മറ്റ് ജീവനക്കാർക്കുമെല്ലാം എന്നെ അറിയാം.
നന്നായി പണിയെടുക്കുന്ന ആളുമാണ്. മൂന്നു വർഷംമുമ്പ് ഇദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് പോയി മൂന്നാഴ്‌ചയ്ക്കുമുമ്പ് തിരികെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരി മെനഞ്ഞ കള്ളക്കഥയുടെ വസ്‌തുത തന്നോടോ ഒപ്പമുള്ള സഹപ്രവർത്തകരോടോ അന്വേഷിക്കാതെയാണ് പ്രകോപിതനായി മർദിച്ചത്.
വ്യാഴാഴ്‌ചമുതൽ ജോലിക്ക് വംരണ്ട എന്നുപറഞ്ഞിരുന്നു. സിഎ പഠിക്കാനും, ഇനി പ്രാക്‌ടീസ് ഇല്ലെന്നും തീരുമാനിച്ചതാണ്. ചൊവ്വാഴ്‌ചമുതൽ വീണ്ടും വരാൻ പറഞ്ഞു. ദേഷ്യത്തിൽ സംസാരിച്ചതിനും ഇനി വരേണ്ട എന്നുപറഞ്ഞതിനും ബെയ്‌ലിൻദാസ് മാപ്പ് പറഞ്ഞു. അമ്മയുടെ നിർബന്ധംമൂലമാണ് വീണ്ടും ജോലിക്കെത്തിയത്. അപ്പോഴാണ് ദുരനുഭവം. ഗർഭിണിയായിരുന്ന സമയത്തുവരെ ജോലിക്കെത്തി. അന്നും ദേഷ്യത്തിൽ മുഖത്ത് കൈവച്ചിരുന്നു. പിന്നീട് ഖേദം പ്രകടിപ്പിച്ചതിനാൽ ആരോടും പറഞ്ഞിരുന്നില്ല. ഇനി സഹിക്കാനാവില്ല. നിയമപരമായി നേരിടും. പൊലീസ് നന്നായി അന്വേഷിക്കുന്നുണ്ടെന്നും ശ്യാമിലി പറഞ്ഞു.
വനിതാ കമീഷൻ കേസെടുത്തു
അഭിഭാഷകയ്‌ക്ക് മർദനമേറ്റ സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. അഭിഭാഷക ശ്യാമിലിയെ വനിതാ കമീഷൻ അധ്യക്ഷ പി സതീദേവിയും സംഘവും ബുധനാഴ്‌ച രാവിലെ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി.









0 comments