ഗ്രൂപ്പ് പോരിൽ ആത്മഹത്യ ; കോൺഗ്രസിന് കരുതലായി വാർത്തമുക്കൽ

തിരുവനന്തപുരം
കോൺഗ്രസ് ഗ്രൂപ്പുപോരിന്റെ ഭാഗമായി കൂടെയുള്ളവർ ചതിച്ചതിന്റെ മനോവേദനയിൽ മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടം ആത്മഹത്യ ചെയ്ത വാർത്ത മുക്കി യുഡിഎഫ് അനുകൂല പത്രങ്ങൾ.
വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കോൺഗ്രസിലെ ചേരിതിരിഞ്ഞുള്ള പകവീട്ടലും അതിനെ തുടർന്നുള്ള മരണങ്ങളും വ്യാപകമായിരിക്കെ, അവസാനംനടന്ന ആത്മഹത്യയും മനോരമയ്‌ക്കും മാതൃഭൂമിക്കും പ്രധാനവാർത്തയായില്ല. ജോസ് ആത്മഹത്യ ചെയ്ത സംഭവം ഉൾപ്പേജിലാണ് ഇവർ കൊടുത്തത്. കൂടെയുള്ള നേതാക്കൾ ചതിച്ചെന്ന ജോസിന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും ഇവർ മറച്ചുവച്ചു.
ജോസ് കുറ്റക്കാരനാണെന്ന തരത്തിലുള്ള പരാമർശങ്ങളാണ് അവർ വാർത്തയിൽ കൊടുത്തത്. കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധവും ചതിയുമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് ജോസിന്റെ ബന്ധുക്കൾ പ്രതികരിച്ചതും കൊടുത്തില്ല. ഗ്രൂപ്പ് പോരിന്റെ ഭാഗമായുള്ള ആത്മഹത്യകളിൽ പാർടിയിലെ ഒരു വിഭാഗത്തിന് പങ്കുണ്ടെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെ പല നേതാക്കളും സമ്മതിച്ചിട്ടുണ്ട്.
കള്ളക്കേസിൽപ്പെട്ട് ജയിലിൽ കഴിഞ്ഞ കോൺഗ്രസ് നേതാവ് തങ്കച്ചനുമായി ജോസ് ഏറെ നാളായി ഭിന്നതയിലായിരുന്നുവെന്നും കള്ളക്കേസുണ്ടാക്കാൻ ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽ ജോസുമുണ്ട് എന്നുമാണ് മനോരമ റിപ്പോർട്ട് ചെയ്തത്. ജോസ് ഉൾപ്പെടെയുള്ളവരാണ് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്ന സൂചനയാണ് മാതൃഭൂമിയും വാർത്തയിൽ കൊടുത്തത്. കോൺഗ്രസിന് ദോഷം ചെയ്യുന്ന സംഭവമാണെങ്കിൽ ആത്മഹത്യ ചെയ്തയാളോടുപോലും നീതി പുലർത്തില്ലെന്ന സമീപനമാണ് ഇൗ മാധ്യമങ്ങൾക്ക്. വസ്തുതകളുമായി ബന്ധമില്ലാത്ത ഫോൺ വിളിയുടെ വാർത്ത സിപിഐ എമ്മിനെതിരെ ഒന്നാം പേജിൽ ആഘോഷിക്കുന്നവരാണ് അതേദിവസം നടന്ന ദാരുണ സംഭവം കോൺഗ്രസിനെതിരാവുമെന്ന് കണ്ട് ജനങ്ങളിൽനിന്ന് മറയ്ക്കാൻ ശ്രമിച്ചത്.









0 comments