യുഡിഎഫ്‌ 
മതരാഷ്‌ട്രവാദികൾക്ക്‌ 
കീഴ്‌പ്പെട്ടു

jose k mani
വെബ് ഡെസ്ക്

Published on Jun 30, 2025, 12:10 AM | 3 min read

യുഡിഎഫ്‌ വെപ്രാളപ്പെട്ട്‌ പല പാർടികളെയും മുന്നണിയിലേക്ക്‌ ക്ഷണിക്കുന്നുണ്ടല്ലോ

■ ആത്മവിശ്വാസമുള്ള മുന്നണിയാണെങ്കിൽ മറ്റു മുന്നണിയിലെ ഘടകകക്ഷികളുടെ പിറകേ പോകേണ്ട ആവശ്യമില്ല. അങ്ങനെ പോകുന്നുണ്ടെങ്കിൽ അവർക്ക്‌ ആത്മവിശ്വാസമില്ലാഞ്ഞിട്ടുതന്നെയാണ്‌. കേരള കോൺഗ്രസ്‌ എമ്മിന്‌ ഒറ്റ നിലപാടേയുള്ളൂ –- അത്‌ ഇടതുപക്ഷത്തിനൊപ്പമാണ്‌. എൽഡിഎഫിന്റെ ഭാഗമായതിനുശേഷം ഒരു ഘട്ടത്തിൽപോലും മുന്നണിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമോ വാക്കോ ഒരു നേതാവിന്റെയും ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. ഒരു നിലപാടെടുത്താൽ, ആ നിലപാടിന്റെ ഉയർച്ചയിലും താഴ്‌ചയിലും ഉറച്ചുനിൽക്കും. അതാണ്‌ കേരള കോൺഗ്രസ്‌ എമ്മിന്റെ ചരിത്രവും സംസ്‌കാരവും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനത്തിന്റെയാകെ വിധിയെഴുത്തല്ല. നിലമ്പൂർ യുഡിഎഫിന്‌ മുൻതൂക്കമുള്ള പ്രദേശമാണ്‌. അവിടെ യുഡിഎഫ്‌ അനുകൂലതരംഗമുണ്ടായിട്ടില്ല.

 യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി–-ആർഎസ്‌എസ്‌ ബാന്ധവം

■ മതരാഷ്‌ട്രം രൂപീകരിക്കണമെന്ന്‌ പറയുന്ന പ്രസ്ഥാനത്തോട്‌ ഒരു മുന്നണി കൈകോർക്കുന്നു എന്നുപറയുമ്പോൾ, അത്‌ ജനാധിപത്യത്തെയും ഭരണഘടനയെയും എത്രമാത്രം തകർക്കുന്ന നിലപാടാണെന്ന്‌ നമ്മൾ ആലോചിക്കണം. മതരാഷ്‌ട്രം അജൻഡയാക്കിയ പ്രസ്ഥാനത്തിന്‌ യുഡിഎഫ്‌ കീഴ്‌പ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യവും സംസ്ഥാനവും ഗൗരവമായി കാണേണ്ട വിഷയമാണത്‌.

 എൽഡിഎഫിന്റെ കെട്ടുറപ്പിനെക്കുറിച്ച്‌

■ യുഡിഎഫിലും എൻഡിഎയിലും അകമേയും പുറമേയും അപസ്വരങ്ങൾ ഉണ്ടാകുമ്പോൾ, എൽഡിഎഫ്‌ ഒറ്റക്കെട്ടാണ്‌. ഇവിടെ വിള്ളലുകളില്ല. അഭിപ്രായങ്ങൾ പറയും. അതെല്ലാം പറഞ്ഞ്‌, ആ അഭിപ്രായങ്ങൾ ഉൾക്കൊണ്ട്‌, ഒരുമിച്ചുനിന്ന്‌ തീരുമാനങ്ങൾ നടപ്പാക്കുന്ന രീതിയാണ്‌ എൽഡിഎഫിലുള്ളത്‌. മറ്റു മുന്നണികളിൽ കാണുന്നത്‌ അങ്ങനെയല്ല. പ്രഖ്യാപനങ്ങൾ വന്നുകഴിഞ്ഞ്‌, പല അഭിപ്രായങ്ങളും വരികയും, പ്രഖ്യാപനം പകുതിവച്ച്‌ നിന്നുപോകുന്നതുമാണ്‌ അവരുടെ രീതി. എൽഡിഎഫിൽ ഒരു തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത്‌ സമയബന്ധിതമായി നടപ്പാക്കാൻ കഴിയും.|

 എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനവും അടുത്ത തെരഞ്ഞെടുപ്പുകളിലെ സാധ്യതകളും

■ എൽഡിഎഫാണ്‌ പ്രാദേശിക സർക്കാരുകൾക്ക്‌ ഏറ്റവും പരിഗണന നൽകാറുള്ളത്‌. ഏറ്റവുമധികം ജനകീയ ക്ഷേമപദ്ധതികൾ താഴേത്തട്ടിൽ എത്തിച്ചിട്ടുള്ള സർക്കാരാണ്‌ കേരളത്തിലേത്‌. അതുകൊണ്ട്‌ തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുൻതൂക്കം ഇടതുപക്ഷത്തിനു തന്നെ. ലൈഫ്‌ മിഷൻ പദ്ധതിയിലൂടെ നിരവധി പേർക്ക്‌ കിടപ്പാടം നൽകി. പട്ടയവിതരണവും മികച്ച രീതിയിൽ നടത്തി. സ്വന്തമായി ഭൂമി, വീട്‌ എന്ന മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട്‌ നിരവധി പദ്ധതികൾ നടപ്പാക്കി. നടക്കില്ലെന്ന്‌ കരുതിയ വികസനവും നടപ്പാക്കാൻ കഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത്‌ ചെയ്‌ത കാര്യങ്ങൾതന്നെ എടുക്കാം. എല്ലാ മണ്ഡലങ്ങളിലും സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി. അതിൽ പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ല. ഹൈടെക്‌വൽക്കരിച്ച സർക്കാർ സ്‌കൂളുകൾ അന്താരാഷ്‌ട്ര നിലവാരത്തിലാണ്‌. ആശുപത്രികൾ മികച്ചതായി. കോട്ടയത്തടക്കം മെഡിക്കൽ കോളേജുകളിൽ ഒട്ടനവധി അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ്‌ എത്തിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സിൽ ഉയർന്ന നിർദേശങ്ങളുടെ ഭാഗമായി പദ്ധതികൾ രൂപീകരിച്ച്‌ ഭരണാനുമതി നൽകുകയും നടപ്പാക്കുകയും ചെയ്‌തു. അതുകൂടാതെ, ചെറുതും വലുതുമായ പരാതികളിൽ പരിഹാര നടപടികളെടുത്തു. മന്ത്രിമാർ പങ്കെടുത്ത അദാലത്തുകൾ 140 മണ്ഡലങ്ങളിലും താലൂക്ക്‌തലത്തിലും നടത്തി, ജനകീയ വിഷയങ്ങൾ പരിഹരിച്ചു. വികസനം എന്നത്‌ റോഡും പാലവും മാത്രമല്ല. ഓരോ വീട്ടിലെയും പ്രശ്‌നം കണ്ടറിഞ്ഞ്‌ പരിഹരിക്കണം. അതിനുള്ള നടപടികളാണ്‌ വിപുലമായ രീതിയിൽ നടപ്പാക്കിയത്‌. തുടങ്ങിവച്ച വികസനത്തിന്‌ കൃത്യമായ തുടർച്ചയുണ്ടാകാൻ സർക്കാർ എപ്പോഴും ശ്രദ്ധചെലുത്തുന്നുണ്ട്‌.

 റബർ കർഷകരോടുള്ള കേന്ദ്രസമീപനം

■ സ്വാഭാവിക റബർ ഉൽപ്പാദനത്തിൽ സിംഹഭാഗവും വരുന്ന കേരളത്തെ അവഗണിച്ച്‌ കേന്ദ്രസർക്കാർ റബർ മേഖലയെ ഹൈജാക്ക്‌ ചെയ്‌ത്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്‌ കൊണ്ടുപോകുകയാണ്‌. വലിയ ആനുകൂല്യങ്ങൾ ആ മേഖലയിൽ നൽകുന്നു. അഞ്ചുവർഷത്തെ ഇറക്കുമതി നികുതിയായി മാത്രം 7,000 കോടി രൂപ കേന്ദ്രസർക്കാരിന്‌ ലഭിച്ചിട്ടുണ്ട്‌. ഇത്‌ റബർ വ്യവസായത്തെ സംരക്ഷിക്കാനുള്ള തുകയാണ്‌. എന്നാൽ ആ തുകയുടെ എന്തെങ്കിലും ഗുണം റബർ കർഷകന്‌ കിട്ടുന്നുണ്ടോ? ഇതിൽ 5,000 കോടി രൂപയെങ്കിലും കേരളം അർഹിക്കുന്നുണ്ട്‌. കാരണം കേരളത്തിലെ ഉൽപ്പാദനം അത്രയ്‌ക്കുണ്ട്‌. യഥാർഥത്തിൽ വിലസ്ഥിരതാ ഫണ്ടിൽ പണം നൽകാൻ കേന്ദ്രത്തിന്‌ ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും അവരതിന്‌ തയ്യാറാകാത്തതാണ്‌ പ്രശ്‌നം. റബറിന്‌ വില കൂടുമ്പോൾ വിപണിയിൽ വലിയ ഉണർവ്‌ ഉണ്ടാകാറുണ്ട്‌. വില കുറയുമ്പോൾ മാന്ദ്യവും ഉണ്ടാകുന്നു. നിലവിലെ സാഹചര്യം എന്തെന്നാൽ, സ്വാഭാവിക റബറിന്‌ വിലയില്ല, ടയറിന്‌ വിലയുണ്ട്‌. ടയർവില കൂടുകയും ചെയ്യും, റബർവില കുറയുകയും ചെയ്യും. കർഷകനുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ ആരംഭിച്ച പ്രെഡക്ഷൻ ഇൻസെന്റീവ്‌ സ്‌കീം എൽഡിഎഫ്‌ സർക്കാർ 180 രൂപയാക്കി. ഇത്‌ 250 രൂപയിൽ എത്തിക്കാനാണ്‌ കേന്ദ്രസർക്കാർ ഇടപെടേണ്ടത്‌. റബർ ബോർഡിന്‌ ഒരു വർഷമായി ചെയർമാനില്ല. മെല്ലെ മെല്ലെ കൊല്ലുക എന്ന നിലപാടാണ്‌ കേന്ദ്രസർക്കാരിന്‌ റബർ ബോർഡിനോട്‌. ഇത്‌ വളരെ ഗൗരവമായി കാണണം. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്‌ കേന്ദ്രസർക്കാർ. വികസനം തടസ്സപ്പെടുത്താനുള്ള ഏറ്റവും നല്ല വഴി എന്നത്‌ കേന്ദ്രം തരാനുള്ള പണം തരാതിരിക്കുക എന്നാണ്‌. എങ്കിലും നമ്മൾ മുന്നോട്ടുപോകും.

 തദ്ദേശതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ

■ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനായി വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ശക്തമാക്കാൻ കേരള കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം തീരുമാനിച്ചിട്ടുണ്ട്‌. മികച്ച മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിന്‌ സാധിക്കും. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രസർക്കാരിന്‌ പത്തു മിനിറ്റ്‌ മതി. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. അപകടകാരിയായ വന്യമൃഗം വനത്തിന്‌ പുറത്തുവന്നാൽ മനുഷ്യനുതന്നെ പരിഗണന കൊടുക്കണം. മലയോര ജനതയുടെ ആവശ്യങ്ങളും കർഷക പ്രശ്‌നങ്ങളും സമഗ്രമായി പഠിക്കാൻ കേരള കോൺഗ്രസ്‌ എം വിദഗ്‌ധ സമിതിയെ നിയോഗിക്കും. ഇതുവഴി തയ്യാറാക്കുന്ന മാനിഫെസ്‌റ്റോ എൽഡിഎഫിന്‌ സമർപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home