വിശ്രമമറിഞ്ഞില്ല, 48 മണിക്കൂറിനിടെ രണ്ട് ഹൃദയമാറ്റ ശസ്‌ത്രക്രിയ

കൊച്ചി
നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ രണ്ട് ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകളാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ എറണാകുളം ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്. അതിലൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് ഹെലികോപ്‌റ്ററിൽ ഹൃദയം എത്തിച്ചാണ് പൂർത്തിയാക്കിയത്. ആംബുലൻസിൽ 20 മിനിട്ടിൽ അങ്കമാലി എൽഎഫ് ആശുപത്രിയിൽനിന്ന് ഹൃദയമെത്തിച്ചാണ് പതിമൂന്നുകാരിയിൽ തുന്നിച്ചേർത്തത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറവും അദ്ദേഹത്തിന്റെ ടീമും രണ്ടുദിവസമായി വിശ്രമം അറിഞ്ഞില്ല. അവിചാരിതമായി തീരുമാനിച്ച ഹൃദയമാറ്റ ശസ്‌ത്രക്രിയ പൂർത്തിയാക്കി വിശ്രമിക്കുകയായിരുന്നില്ല അവർ. അതിന്റെ ഭാഗമായി മാറ്റിവയ്‌ക്കേണ്ടിവന്ന അടിയന്തര ശസ്‌ത്രക്രിയകളും തുടർന്ന് അവർ പൂർത്തിയാക്കി.
2003ൽ കേരളത്തിലെ ആദ്യഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മുപ്പത്തിരണ്ടാമത്തെ ഹൃദയം മാറ്റിവയ്‌ക്കലാണ് ശനി പുലർച്ചെ ലിസി ആശുപത്രിയിൽ പൂർത്തിയായത്. വ്യാഴം പകൽ ആരംഭിച്ച് രാത്രി ഏഴുവരെ നീണ്ടതായിരുന്നു തൊട്ടുമുന്പത്തെ ദൗത്യം. അതിന്റെ ഭാഗമായി മാറ്റിവയ്‌ക്കേണ്ടിവന്ന ശസ്‌ത്രക്രിയകൾ വെള്ളി പകൽ ചെയ്‌തുതീർത്തു.
രാത്രിയോടെയാണ് അങ്കമാലി എൽഎഫിൽനിന്ന് അവയവദാതാവിന്റെ വിവരം ലഭിച്ചത്. ഉടൻ കാർഡിയോളജിസ്‌റ്റ് ഡോ. ജോ ജോസഫിന്റെയും അനസ്‌തസ്റ്റിസ്റ്റ് ഡോ. ജേക്കബ് ജോസഫും ഉൾപ്പെടുന്ന സംഘം അവിടേക്ക് പുറപ്പെട്ടതോടെ രണ്ടാംദൗത്യത്തിനും തുടക്കമായി.
പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെ തീവ്രദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധരായ രണ്ട് കുടുംബങ്ങൾക്കാണ് അപൂർവമായ ഇൗ വിജയമുഹൂർത്തത്തിൽ, ജോസ് ചാക്കോ പെരിയപ്പുറം ആദ്യം നന്ദി പറയുന്നത്. കേരളത്തിലെ ആശുപത്രികളിൽ ഇതുവരെ അന്പതോളം ഹൃദയമാറ്റ ശസ്‌ത്രക്രിയകളാണ് നടന്നിട്ടുള്ളത്.









0 comments