വിദേശ ജോലിവാഗ്‌ദാനം : കാർത്തിക തട്ടിയത് ഒരുകോടി

കൊച്ചി
വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനംചെയ്‌ത് കൊച്ചി ആസ്ഥാനമായുള്ള ടേക്ക് ഓഫ് ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി ഉടമ കാർത്തിക പ്രദീപ് തട്ടിയെടുത്തത് ഒരുകോടി രൂപ. സംസ്ഥാന വ്യാപകമായി 15 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കാർത്തികയെ വിശദമായി ചോദ്യംചെയ്‌തു. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇവരെ വീണ്ടും റിമാൻഡ് ചെയ്‌തു.
തൃശൂർ സ്വദേശിനിയുടെ പരാതിയിൽ വിശ്വാസവഞ്ചനയ്‌ക്കാണ് കാർത്തികയെ അറസ്റ്റ് ചെയ്‌തത്. യുകെയിൽ സോഷ്യൽ വർക്കറായി ജോലി നൽകാമെന്ന് പറഞ്ഞ് 5.23 ലക്ഷം രൂപയാണ് തൃശൂർ സ്വദേശിനിയിൽനിന്ന് തട്ടിയെടുത്തത്. എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനുള്ള ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനുകീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് സ്ഥിരീകരിച്ചിരുന്നു.
കാർത്തിക പ്രദീപ് മുമ്പ് ബിഗ് വിങ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അർമേനിയയിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് 2022ലായിരുന്നു തട്ടിപ്പ്. അർമേനിയയിൽ പ്രവർത്തിക്കുന്ന ബിഗ് വിങ്‌സ് തനിക്കുകൂടി പങ്കാളിത്തമുള്ള അബ്രോഡ് എഡ്യുക്കേഷൻ കൺസൾട്ടൻസിയാണെന്ന് പണം നൽകിയവരോട് കാർത്തിക അവകാശപ്പെട്ടിരുന്നു. ബിഗ് വിങ്‌സിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.









0 comments