യുകെയിൽ ജോലിവാഗ്‌ദാനം ; കാർത്തികയ്‌ക്കെതിരെ 6 കേസുകൾ, തട്ടിയെടുത്തത് 15 ലക്ഷം

കൊച്ചി :
യുകെയിൽ ജോലി വാഗ്‌ദാനംചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ടേക്ക് ഓഫ് ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി ഉടമ കാർത്തിക പ്രദീപിനെതിരെ രജിസ്റ്റർ ചെയ്‌തത് ആറ് കേസുകൾ. ആറുപേരിൽനിന്നായി 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ വിശ്വാസവഞ്ചനയ്‌ക്കാണ് എറണാകുളം സെൻട്രൽ പൊലീസ് വെള്ളിയാഴ്‌ച കാർത്തികയെ അറസ്റ്റ് ചെയ്‌തത്. 5.23 ലക്ഷം രൂപയാണ് തൃശൂർ സ്വദേശിനിക്ക് നഷ്ടമായത്. കേസുകളിൽ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർത്തികയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ തിങ്കളാഴ്‌ച അപേക്ഷ നൽകും.
എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയ ‘ടേക്ക് ഓഫ് ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി’ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) അറിയിച്ചു.
തട്ടിപ്പിനിരയായ കൊച്ചി സ്വദേശി നഷ്ടപ്പെട്ട പണം തിരികെ ചോദിക്കുന്നതും അതിന് കാർത്തിക നൽകുന്ന മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ, അത് എന്റെ മിടുക്ക് പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് എന്നാണ് കാർത്തികയുടെ മറുചോദ്യം.









0 comments