ടേക്ക് ഓഫ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ; സ്ഥാപനം പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ

കെ എ നിധിൻ നാഥ്
Published on Mar 20, 2025, 12:27 AM | 1 min read
തൃശൂർ : വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ ‘ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ക്ക് ലൈസൻസുമില്ല. വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാൻ ആവശ്യമായ ലൈസൻസ് കാർത്തിക പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനില്ലെന്ന് വിദേശ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്റ്റർ ഓഫ് എമിഗ്രേഷൻസ് (പിഒഇ) അറിയിച്ചു. ആളുകളെ കൊണ്ടു പോകണമെങ്കിൽ എമിഗ്രേഷൻ ആക്ട് 1983 പ്രകാരം പ്രൊട്ടക്റ്റർ ജനറൽ ഓഫ് എമിഗ്രേഷനിൽ രജിസ്റ്റർ ചെയ്യണം. കൊച്ചി പുല്ലേപ്പടിയിൽ ചിറ്റൂർ റോഡിലെ ടികെ ടവേഴ്‌സിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഇതിനുള്ള ലൈസൻസില്ലെന്ന് പിഒഇയുടെ കൊച്ചി ഓഫീസ് നൽകിയ മറുപടിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ലൈസൻസ് ലഭിക്കാനായി 25,000 രൂപ ഫീസടയ്‌ക്കണം. അപേക്ഷകന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന പൊലീസ് സർട്ടിഫിക്കറ്റും 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഹാജരാക്കണം. അഞ്ച് വർഷത്തേക്കാണ് ലൈസൻസ് നൽകുക. ഇതൊന്നുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചത്. യുകെയിലുള്ള ബന്ധു വഴിയാണ് വിസ ലഭിക്കുന്നത് എന്നാണ് ഉദ്യോഗാർഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. റിക്രൂട്ട്‌മെന്റ് നടത്താൻ ഏജന്റുമാരെ നിയോഗിക്കരുതെന്ന് എമിഗ്രേഷൻ നിയമത്തിൽ പറയുന്നുമുണ്ട്.
വർഷങ്ങളായി കൊച്ചിയിലുള്ള സ്ഥാപനം റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നത്. വിദേശത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ഫീസായി പരമാവധി 20,000 രൂപയേ വാങ്ങാവൂവെന്നും നിയമം നിഷ്‌കർഷിക്കുന്നുണ്ട്. അതേസമയം ഫീസായി 25,000 രൂപയും പല പേരുകളിലായി രണ്ടര ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയാണ് വാങ്ങിയത്. യുകെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘ടെസ്‌കോ എക്‌സ്‌പ്രസി’ലാണ് കൂടുതൽ പേർക്കും ജോലി നൽകാമെന്ന് പറഞ്ഞത്.
ആദ്യ ഗഡു പണം നൽകുന്നതിനൊപ്പം ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് തുടങ്ങിയവയും വാങ്ങി. ഒരുവർഷം പിന്നിട്ടിട്ടും ആർക്കും വിദേശത്തേക്ക് പോകാനായിട്ടില്ല. ജോലി ലഭിക്കാതായതോടെ പലരും പണവും സർട്ടിഫിക്കറ്റും തിരിച്ചു ചോദിച്ചുവെങ്കിലും നൽകാൻ തയ്യാറായിട്ടില്ല. നിലവിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിൽ പരാതിയുണ്ട്.









0 comments