വിഎസ്എസ്‌സിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 8 കോടിയോളം തട്ടിയതായി സൂചന

തിരുവനന്തപുരം
വിഎസ്എസ്‍സിയിൽ ജോലി വാഗ്ദാനംചെയ്ത് പ്രതികൾ എട്ട് കോടിയിലേറെ രൂപ തട്ടിയെടുത്തതായി പ്രാഥമിക നിഗമനം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധിപേർ പരാതിയുമായി രംഗത്തെത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല.
പോത്തൻകോട് പൂലന്തറ വീട്ടിൽ റംസി (35), ഇവരുടെ ഭർത്താവ് ഓച്ചിറ മേമന അജ്മൽ മൻസിലിൽ അജ്മൽ (29), തിരുനെൽവേലി സീലാത്തിക്കുളം ഭജനമഠം തെരുവിൽ മുരുകേശൻ (59), ആറ്റിങ്ങൽ കാട്ടുമ്പുറം കടുവയിൽ രോഹിണി നിവാസിൽ വിഷ്ണു രാജ്(33),ആറ്റിങ്ങൽ അവനവഞ്ചേരി വിളയിൽ വീട്ടിൽ സുരേഷ് ബാബു(50) എന്നിവരാണ് പിടിയിലായത്. പ്രതികളെ കസ്‌റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും.
മുഖ്യപ്രതി റംസിയുടെ നേതൃത്വത്തിൽ ഒരു വർഷം മുൻപ് കഴക്കൂട്ടത്തെ ഹോട്ടലിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ മുപ്പതോളം ഉദ്യോഗാർഥികൾ പങ്കെടുത്തിരുന്നു. ഇവരിലുൾപ്പെട്ട ഇരുപതോളം പേർക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം.
വിഎസ്എസ്‍സിയിൽ മെക്കാനിക്കൽ എൻജിനിയർ എന്നുപറഞ്ഞ് ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ചാണ് റംസി യുവതികളെ കണ്ടെത്തി തട്ടിപ്പിനിരയാക്കിയത്.
സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെയും സൗഹൃദംനടിച്ച് തട്ടിപ്പിനിരയാക്കി. നിയമന ഉത്തരവ് ഉൾപ്പെടെയുള്ള വ്യാജരേഖകൾ തയ്യാറാക്കിയത് ആറ്റിങ്ങലിലാണ്. അറസ്റ്റിലായ വിഷ്ണു രാജ്, സുരേഷ് ബാബു എന്നിവരാണ് രേഖകൾ തയ്യാറാക്കിയത്. സുരേഷ് ബാബു അവനവഞ്ചേരിയിൽ നടത്തുന്ന "വെൽ ഡോട്ട്" എന്ന സീൽ നിർമാണ ഷോപ്പിൽനിന്നാണ് വ്യാജ രേഖകൾ തയ്യാറാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
മുന്നറിയിപ്പുമായി വിഎസ്എസ്‍സി
തൊഴിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി വിഎസ്എസ്‍സി. നിയമനത്തിനായി ഏജന്റുമാരെയോ ഏജൻസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വിഎസ്എസിയുടെയോ ഐഎസ്ആർഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തി മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം. വെബ്സൈറ്റുകൾ: വിവരങ്ങൾ www.vssc.gov.in, www.isro.gov.in









0 comments