തൊഴിൽ വാഗ്‌ദാനംചെയ്‌ത് 25 ലക്ഷം തട്ടി ; മുസ്ലിംലീഗ് മുൻ ദേശീയ കൗൺസിൽ അംഗം റിമാൻഡിൽ

ചവറ : ചവറ കെഎംഎംഎൽ കമ്പനിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 25ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മുസ്ലിംലീഗ് മുൻ ദേശീയ കൗൺസിൽ അംഗം റിമാൻഡിൽ. ശൂരനാട് കുമരഞ്ചിറ പ്ലാവില വീട്ടിൽ അബ്ദുൾ വഹാബിനെ (65)യാണ് ചവറ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്.
വഞ്ചനാകുറ്റം ചുമത്തി ചവറ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ നോട്ടീസ് നല്‍കിയെങ്കിലും ഒളിവില്‍ പോയി. ഹൈക്കോടതിയും സുപ്രീംകോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാകുകയായിരുന്നു.
പന്മന വടക്കുംതല മുല്ലമംഗലത്ത് വീട്ടിൽ താജുദീന്റെ മകന് ജോലി നല്‍കാമെന്ന് പറഞ്ഞ് 25ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജോലി ലഭിക്കാത്തതിലും പണം നഷ്ടമായതിലുമുള്ള മനോവിഷമത്തിൽ താജുദീന്റെ ഓര്‍മ നഷ്ടമായ നിലയില്‍ കിടപ്പുരോഗിയായി. താജുദീന്റെ ഭാര്യ റസിയാബീഗമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2022 -ആഗസ്ത് രണ്ടിന് 10ലക്ഷം രൂപയും ഏപ്രിലിൽ സ്വർണം പണയപ്പെടുത്തി 15 ലക്ഷം രൂപയും നൽകിയതായി പരാതിയിൽ പറയുന്നു.
ഇതിൽ അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയും ബാക്കി തുക നേരിട്ടുമാണ് നൽകിയത്. പണം കൈപ്പറ്റുന്നതും എണ്ണി തിട്ടപ്പെടുത്തുന്നതും തൊഴിൽ വാഗ്ദാനം ചെയ്യുന്നതും അടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മുന്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവർ മുഖേനയാണ് തൊഴിൽ ശരിയാക്കുന്നതെന്ന് ഇയാൾ പറയുന്ന ദൃശ്യവുമുണ്ട്. ഹജ്ജ് വിസ വാഗ്‌ദാനംചെയ്‌തും ഒട്ടേറെ പേരിൽ നിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.









0 comments