ടേക്ക്‌ ഓഫ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌ ; പ്രതി മറ്റൊരു സ്ഥാപനത്തിന്റെ 
മറവിലും തട്ടിപ്പ്‌ നടത്തി

job recruitment scam
avatar
കെ എ നിധിൻ നാഥ്‌

Published on Apr 09, 2025, 01:40 AM | 1 min read


തൃശൂർ : വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ ‘ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമ കാർത്തിക പ്രദീപ്‌ മുമ്പ്‌ മറ്റൊരു സ്ഥാപനത്തിന്റെ മറവിലും തട്ടിപ്പ്‌ നടത്തി. ബിഗ്‌ വിങ്‌സ്‌ എന്ന സ്ഥാപനത്തിന്റെ മറവിൽ 2022ലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. അർമേനിയയിലേക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്‌. അർമേനിയയിൽ പ്രവർത്തിക്കുന്ന ബിഗ്‌ വിങ്‌സ്‌ തനിക്കുകൂടി പങ്കാളിത്തമുള്ള അബ്രോഡ്‌ എഡ്യുക്കേഷൻ കൺസൾട്ടൻസി’ എന്ന സ്ഥാപനത്തിൽ ജോലി നൽകാമെന്ന്‌ പറഞ്ഞാണ്‌ പണം വാങ്ങിയത്‌.


എന്നാൽ കോഴിക്കോട്‌ സ്വദേശിയുടെ സ്ഥാപനവുമായി കരാർ ഉണ്ടാക്കാനെന്ന പേരിൽ കാർത്തിക വാങ്ങിയ രേഖകളിൽ കൃത്രിമം കാണിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. അർമേനിയയിലേക്ക്‌ പോകാനുള്ള വിസ അടക്കമുള്ള നടപടികൾക്കായി ആദ്യഘട്ടമായി 1,50,000 ലക്ഷം രൂപയാണ്‌ വാങ്ങിയത്‌. ഏഴ്‌ ദിവസത്തിനുള്ളിൽ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ പണം വാങ്ങി മുങ്ങുകയായിരുന്നു. ബിഗ്‌ വിങ്‌സിന്റെ മറവിൽ തട്ടിപ്പിനിരയായ അഞ്ച്‌ പേർ നൽകിയ കേസ്‌ നിലവിൽ കോഴിക്കോട്‌ കോടതിയിൽ വിചാരണ നടക്കുകയാണ്‌. ഈ കേസ്‌ മൂന്നു തവണ കോടതി വിളിച്ചപ്പോഴും കാർത്തിക ഹാജരായില്ല.


ബിഗ്‌ വിങ്‌സ്‌ തട്ടിപ്പ്‌ നടത്തി മുങ്ങിയതിനു ശേഷമാണ്‌ കൊച്ചി കേന്ദ്രമായി ടേക്ക്‌ ഓഫ്‌ ആരംഭിച്ച്‌ തട്ടിപ്പ്‌ നടത്തിയത്‌. നിലവിൽ തൃശൂർ, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കേസുണ്ട്. 10 ജില്ലകളിലെ പൊലീസ്‌ സ്‌റ്റേഷനുകളിൽ കേസുണ്ട്‌. മുപ്പതോളം പേർ ഇതിനകം സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തി. വിദേശത്തേക്ക്‌ ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന്‌ വിദേശ മന്ത്രാലയത്തിന്‌ കീഴിലുള്ള പ്രൊട്ടക്ടർ ഓഫ്‌ എമിഗ്രേഷൻസ്‌ കണ്ടെത്തിയിരുന്നു. യുകെയിലുള്ള ബന്ധു വഴി വിസ ശരിയാക്കി ത്തരാമെന്നാണ്‌ ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home