ജിതിന്റെ കൊലപാതകം: സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചന - സിപിഐ എം

cpim
വെബ് ഡെസ്ക്

Published on Feb 17, 2025, 02:39 PM | 2 min read

തിരുവനന്തപുരം: ജിതിന്റെ കൊലപാതകം സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയെന്ന് സിപിഐ എം. പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു - ഡിവൈഎഫ്ഐ പ്രവർത്തകൻ മാമ്പാറ പട്ടാളത്തറയിൽ ജിതിൻ ഷാജിയെ ആർഎസ്എസ് - ബിജെപി പ്രവർത്തകർ അതി ക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.


കൊലപാതകത്തിന് ദൃക്സാക്ഷികളായവർ തന്നെ കൊലപ്പെടുത്തിയ വിധവും ആരൊക്കെയാണ് സംഘത്തിലുണ്ടായിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്‌ത്‌ നിയമപരമായ ശിക്ഷ ഉറപ്പാക്കണം. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണ് ഈ കൊലപാതകം. ശക്തമായ നടപടികളിലൂടെ ക്രിമിനലുകളെ നിയന്ത്രിക്കണം. നാട്ടിലെ സൈര്വജീവിതം തകർക്കാൻ വിവിധ തലങ്ങളിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു.


സംസ്ഥാനം നാളിതുവരെ കാണാത്ത വികസനത്തിലൂടെയും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ലോകത്തിന് തന്നെ മാതൃകയാകും വിധവുമാണ് കടന്നു പോകുന്നത്. ഈ അന്തരീക്ഷം തകർക്കലാണ് ലക്ഷ്യം. സംഘർഷമുണ്ടാക്കാനല്ല പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനാണ് ജിതിൻ അവിടെയെത്തിയതെന്ന് ഇതിനകം വ്യക്തമായി. ആയുധങ്ങളുമായി അവിടെയെത്തിയ ആർഎസ്എസ് ബിജെപി പ്രവർത്തകർ ആസൂത്രികമായി നടത്തിയ കൊലപാതകമാണിത്. ജിതിൻ്റെ വയറിനും തുടയിലും അടക്കം ആഴത്തിലുള്ള ഒട്ടേറെ മുറിവുകളുണ്ട്. വിരൽ അറ്റു പോയി. ജിതിനെ വെട്ടിയ ജിഷ്‌ണു സജീവ ബിജെപി പ്രവർത്തകനാണ്. കൊല നടത്തിയ ശേഷം ഇപ്പോൾ ബിജെപി നേതാക്കൾ കൈമലർത്തുകയാണ്. ക്രിമിനൽ സംഘങ്ങളെ വളർത്തി സിപിഐ എംനെതിരെ തിരിക്കുന്നത് കാലങ്ങളായി ബിജെപി തുടർന്നു വരുന്ന ഹീനമായ രാഷ്ട്രീയമാണ്.


വിഷ്‌ണു ഉൾപ്പെടെ കൊലപാതകത്തിൽ പങ്കുള്ളവരെല്ലാം ബിജെപിയുടെ ക്രിമിനൽ സംഘത്തിലുള്ളവരാണ്. ആർഎസ്എസ് ബിജെപി സംഘം കൊലക്കത്തി താഴെ വയ്ക്കണം. ഇവർ നടത്തിയ അക്രമത്തിൽ പാർടിക്ക് നിരവധി പ്രവർത്തകരെയും നേതാക്കളെയും നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേറ്റ് അനവധിപേർ ജീവഛവമാകുകയും ചെയ്തു. 2021 ഡിസംബർ 2നാണ് പത്തനംതിട്ട പെരിങ്ങരയിൽ ലോക്കൽ സെക്രട്ടറിയായിരുന്ന പി ബി സന്ദീപിനെ ആർ എസ് എസ് ക്രിമിനലുകൾ അരുംകൊല ചെയ്‌തത്. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന പ്രാകൃതമായ രീതി ബിജെപി ഉപേക്ഷിക്കണം. പത്തനംതിട്ട കൊലപാതകത്തിൽ ജനാധിപത്യ വിശ്വാസികളായ മുഴുവൻ പേരും പ്രതിഷേധിക്കാൻ രംഗത്തുവരണമെന്നും സിപിഐ എം പ്രസ്‌താവനയിൽ ആവശ്യപ്പെ‌ട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home