സിഐടിയു പ്രവർത്തകന്റെ അരുംകൊല ; ആർഎസ്എസുകാർ റിമാൻഡിൽ , കുത്താൻ ഉപയോഗിച്ച വാൾ കണ്ടെടുത്തു

പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ മാമ്പാറ പട്ടാളത്തറയിൽ ജിതിൻ ഷാജിയെ(34) കൊലപ്പെടുത്തിയ ബിജെപി –-ആർഎസ്‌എസ് ഗുണ്ടകളായ എട്ട് പ്രതികളെയും റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ബിഎംഎസ് നേതാവായ പി എസ് വിഷ്ണു(37), പി നിഖിലേഷ് കുമാർ, ശരൺമോൻ, എസ് സുമിത്ത്,എം ടി മനീഷ്, ആരോമൽ, മിഥുൻ മധു, അഖിൽ സുശീലൻ എന്നിവരെയാണ് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയത്.
ജിതിന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പ്രതികൾക്കായി കസ്‌റ്റഡി അപേക്ഷ നൽകും. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അക്രമസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. ജിതിനെ കുത്താൻ വിഷ്‌ണു ഉപയോഗിച്ച വടിവാൾ പൊലീസ് കണ്ടെടുത്തു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിൽനിന്നാണ് ഇത് കണ്ടെത്തിയത്. വിഷ്‌ണുവിന്റെ ഭാര്യയുടെ പേരിലുള്ളതാണ് കാർ.
ജിതിൻ ഷാജിയുടെ സംസ്കാരം ബുധൻ പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ബഹ്റൈനിലുള്ള ജിതിന്റെ അമ്മ ഗീത ചൊവ്വ പുലർച്ചെ നാട്ടിലെത്തി. കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ ഏറ്റുവാങ്ങി വിലാപയാത്രയായി കോന്നി ടൗൺ, കുമ്പഴ, വടശ്ശേരിക്കര വഴി പെരുനാട് മഠത്തുംമൂഴിയിൽ ഒമ്പതിന് എത്തിക്കും. സിപിഐ എം പെരുനാട് ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപമാണ് പൊതുദർശനം. പകൽ രണ്ടോടെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. തുടർന്ന് പ്രതിഷേധ യോഗവും ചേരും.
വ്യാജപ്രചാരണം, ബിജെപിയോടൊപ്പം ചേർന്ന് പ്രതികളെ രക്ഷിക്കാൻ
പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജിയെ കൊന്ന സംഭവത്തിൽ പ്രതികൾ ഡിവൈഎഫ്‌ഐ, സിഐടിയുക്കാരാണെന്ന വ്യാജപ്രചാരണം പ്രതികളെയും ബിജെപിയെയും സഹായിക്കാൻ. ഒന്നാം പ്രതി നിഖിലേഷ് സിഐടിയുക്കാരനാണെന്ന് അമ്മ പറഞ്ഞെന്ന പ്രചാരണമാണ് ചില മാധ്യമങ്ങൾ ഏറ്റെടുത്തത്. ടിപ്പർ ലോറി ഡ്രൈവറായ നിഖിലേഷ് കരിങ്കല്ല്, ക്വാറി കരാർ ജോലി ചെയ്യുന്ന ആളുമാണ്. പാറമടകളിൽനിന്ന് കല്ല് ലഭിക്കാനും അനധികൃതമായി കച്ചവടം ചെയ്യാനുമായി നിഖിലേഷും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ക്വാറി വർക്കേഴ്‌സ് യൂണിയന് സിഐടിയു അഫിലിയേഷനില്ല. സിഐടിയുവുമായോ മറ്റ് ഇടതുപ്രസ്ഥാനവുമായോ നിഖിലേഷിനോ കുടുംബത്തിനോ ബന്ധമില്ല.
പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ ആയുധവുമായി പിടിച്ചതോടെ അന്വേഷണം തങ്ങളിലേക്ക് എത്തുമോ എന്ന ബിജെപി നേതൃത്വത്തിന്റെ ഭയവും വ്യാജ പ്രചാരണത്തിന് പിന്നിലുണ്ട്. നിഖിലേഷ് ഒരു ഘട്ടത്തിലും തങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടില്ലെന്ന് സിഐടിയു നേതൃത്വവും വ്യക്തമാക്കുന്നു. ഏഴാം പ്രതി മിഥുനും നാലാം പ്രതി സുമിത്തും ഡിവൈഎഫ്‌ഐക്കാരല്ല. 2021 ഏപ്രിലിൽ ബിജെപി –-ആർഎസ്‌എസ് ബന്ധം ഉപേക്ഷിച്ച് എത്തിയ ഇരുവരും ഏതാനും മാസങ്ങൾക്കുള്ളിൽ ഡിവൈഎഫ്‌ഐ ബന്ധം അവസാനിപ്പിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്ന പോസ്‌റ്റർ 2021 ജൂലൈയിലേതാണ്.









0 comments