‘സമസ്‌തയെ പിളർത്താൻ ചിലരെ ആയുധമാക്കുന്നു’ ; തുറന്ന വിമർശവുമായി ജിഫ്രി തങ്ങൾ

കോഴിക്കോട്
സംഘടനക്കകത്തുനിന്നുള്ള ചിലരെ ഉപയോഗപ്പെടുത്തി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെ ഭിന്നിപ്പിക്കാൻ ആരും ശ്രമിക്കരുതെന്ന് സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത ആക്രമിക്കപ്പെടുമ്പോൾ എനിക്ക് നോവും. പ്രതിരോധം എന്റെ ബാധ്യതയായിത്തീരും. ഇങ്ങനെ നോവിക്കുന്നവരെ നിലയ്ക്കുനിർത്തിക്കൊണ്ടുള്ള സംരക്ഷണം എനിക്ക് കിട്ടണം –ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
മുസ്ലിംലീഗിന്റെ പേര് പരാമർശിക്കാതെയാണ് സമസ്‌തയേയും താനടക്കമുള്ള നേതാക്കളേയും കടന്നാക്രമിക്കുന്നതിലും പിളർത്തൽ ശ്രമങ്ങൾക്കുമെതിരെ ജിഫ്രി തങ്ങൾ തുറന്നടിച്ചത്. സമസ്‌തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി മുഖപത്രമായ ‘സുപ്രഭാത’ത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. ലീഗ് നേതൃത്വം സമസ്‌തയിലെ ഒരുവിഭാഗത്തെ ഉപയോഗിച്ച് ആദർശസംരക്ഷണസമിതിയുണ്ടാക്കി പിളർപ്പിന് ശ്രമിക്കുന്നതിനിടയിലാണ് ഈ വിമർശം.
മുസ്ലിംലീഗിൽ സമസ്‌തക്കാരും അല്ലാത്തവരും ഉണ്ടാകുന്നതുപോലെ സമസ്‌തയിലും ലീഗുകാരും അല്ലാത്തവരുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു മനസ്സിലാക്കി ഇരു സംഘടനകളും പരസ്‌പരം ബഹുമാനവും സ്‌നേഹവും കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം. മറ്റൊരു സംഘടനക്ക് നോവുണ്ടാക്കാതെ ഐക്യം കാത്തുസൂക്ഷിച്ചാകണം പ്രവർത്തനം. തെറ്റിക്കുന്നവരെ തിരിച്ചറിയലാണ് ആദ്യത്തെ ബാധ്യത. സമസ്‌തയെയും ലീഗിനെയും തെറ്റിക്കാൻ നടക്കുന്നവർക്ക് കുറച്ചുകൂടി മാന്യമായ സമീപനമായിരുന്നു പണ്ടുണ്ടായിരുന്നത്. ലീഗിനെ പിളർത്താൻ ഒരുവിധ അനുകൂല നിലപാടും ഉണ്ടായിട്ടില്ല.
ജമാഅത്തെ ഇസ്ലാമിയോട് വിട്ടുവീഴ്‌ചയില്ല
ജമാഅത്തെ ഇസ്ലാമിയോടുള്ള ആദർശ സമീപനങ്ങളിൽ സമസ്‌ത ഒരിഞ്ചു പിറകോട്ടുപോയിട്ടില്ല. ജമാഅത്തെ ഇസ്ലാമി നിലപാട് മാറ്റിയാൽമാത്രമേ അതിൽ പുനർചിന്തയുടെ പ്രശ്‌നം ഉദിക്കുന്നുള്ളുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.









0 comments