പാട്ടുകൊണ്ട് പ്രണയത്തിന്റെ ചൂട്ടുകെട്ടിയ ജയചന്ദ്രൻ

കെ ബി വേണു
Published on Jan 09, 2025, 10:23 PM | 2 min read
റേഡിയോയിലൂടെ, പാട്ടുകളിലൂടെ ഒരു തലമുറയെ പ്രണയം പഠിപ്പിച്ചത് ജയചന്ദ്രനാണ്. കേൾവിയുടെ കാലമാണത്. പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോൾ ഗായകനെ കാണാൻ വേണ്ടി റേഡിയോയുടെ പിന്നിൽ പോയി നോക്കിയിരുന്ന പ്രായം തൊട്ടേ ഹൃദയം കീഴടക്കിയ ഗായകൻ.
ജയേട്ടൻ എന്ന് ആരാധകരത്രയും വിളിക്കുന്ന ജയചന്ദ്രനെക്കുറിച്ചുള്ള ആദ്യത്തെ ഓർമ ഹണിമൂൺ എന്ന സിനിമയിലെ
മല്ലികപ്പൂവിൻ മധുരഗന്ധം
നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം
എന്ന പാട്ടാണ്. യേശുദാസിനൊപ്പം അന്ന് ജയചന്ദ്രനെ പ്രിയങ്കരനാക്കിയ ഗാനം. ചിലപ്പോൾ ഒരു പടി കൂടുതൽ സ്നേഹം ജയചന്ദ്രനോടുണ്ടായിരുന്നു.
യേശുദാസിന്റെ ക്ലിനിക്കൽ പെർഫെക്ഷൻ ആയിരുന്നില്ല ജയചന്ദ്രന്റെ ആലാപനത്തിലുണ്ടായിരുന്നത്. അദ്ദേഹം ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നില്ല. അടിസ്ഥാനപരമായി താൻ ഒരു പെർകഷനിസ്റ്റ് ആണെന്ന് ജയേട്ടൻ പറഞ്ഞിട്ടുണ്ട്. ഒന്നാം തരം മൃദംഗിസ്റ്റ് ആയിരുന്നു. ദശാബ്ദങ്ങൾക്കു മുൻപ് ഒരു സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് വായ്പാട്ടിലും ജയചന്ദ്രൻ മൃദംഗത്തിലും ജേതാക്കളായിട്ടുണ്ട്. ഇരുവരും ചേർന്ന് അന്ന് പെർഫോം ചെയ്തിട്ടുമുണ്ട്.

ബന്ധനം എന്ന ചിത്രത്തിലെ
രാഗം ശ്രീരാഗം
ഉദയശ്രീരാഗം
എന്നു തുടങ്ങുന്ന രാഗമാലിക മാത്രം മതി ജയചന്ദ്രനിൽ നിർലീനമായ ശാസ്ത്രീയ സംഗീതബോധത്തെ വിലയിരുത്താൻ.
അനിതരസാധാരണമായ കാവ്യബോധവും സാഹിത്യാഭിരുചിയുമാണ് ജയചന്ദ്രനെ വ്യതിരിക്തനാക്കിയത്. അസുരവിത്ത് എന്ന ചിത്രത്തിലെ
ഞാനിതാ തിരിച്ചെത്തി
മത്സഖി പൊയ്പോയോരെൻ
ഗാനസാമ്രാജ്യത്തിന്റെ വീഥിയിൽ ഭിക്ഷയ്ക്കായി
എന്ന ഗാനം ഒരുദാഹരണം.
കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിലെ
തൊട്ടേനേ ഞാൻ മനസ്സുകൊണ്ട്
കെട്ടിപ്പിടിച്ചേനേ
എന്ന പാട്ടിന്റെ വിരുത്തത്തിലെ
നീലക്കണ്ണുകളോ ദിനാന്തമധുര സ്വപ്നങ്ങൾ തൻ
ചന്ദനച്ചോലയ്ക്കുള്ളിൽ വിടർന്ന്
പാതിയടയും നൈവേദ്യപുഷ്പങ്ങളോ
കാലം കൊത്തിവച്ച ഹംസദമയന്തീ ശില്പം
ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും
സന്ദേശകാവ്യങ്ങളോ
എന്ന വരികൾക്ക് ജയചന്ദ്രൻ പകർന്ന ഭാവമാധുര്യത്തെ അനുപമം എന്നേ വിശേഷിപ്പിക്കാനാകൂ.
കാവ്യപുസ്തകമല്ലോ ജീവിതം-ഒരു
കാവ്യപുസ്തകമല്ലോ ജീവിതം
ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ
ഏടുകളെവിടെ
എന്നു തുടങ്ങുന്ന ഗാനത്തിൽ
ഇന്നോ നാളെയോ വിളക്കു കെടും
പിന്നെയോ ശൂന്യമാം അന്ധകാരം
എന്ന വരികൾ ആലപിച്ചുകൊണ്ട് അന്നത്തെ തലമുറയെ അസ്തിത്വവ്യഥയുടെ നീറ്റലിലേയ്ക്കാണ് ജയചന്ദ്രൻ കൊണ്ടുപോയത്. ഒരു കാലഘട്ടത്തിന്റെ ദാർശനിക വ്യഥകളെ പൂരിപ്പിക്കുക കൂടിയായിരുന്നു ജയചന്ദ്രന്റെ ശബ്ദം.
നിൻ മണിയറയിലെ നിർമലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ
എന്ന ഗാനം വർഷങ്ങൾക്കു ശേഷവും ഇഷ്ടഗാനമായി തുടരുന്നത് ജയചന്ദ്രൻ ശബ്ദമാന്ത്രികത കൊണ്ടു തൊട്ടുയർത്തിയ കാൽപനിക തരംഗങ്ങളാലാണ്.
ചെറുതാകാത്ത ചെറുപ്പമായിരുന്നു ജയചന്ദ്രന്റെ ശബ്ദത്തിന്.
ഒരിടവേളയ്ക്കു ശേഷം നിറം എന്ന ചിത്രത്തിലെ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
എന്ന പാട്ടിലൂടെ യുവമനസ്സുകളെ കീഴടക്കുമ്പോൾ ജയേട്ടന് അൻപത്തിയഞ്ചു വയസ്സാണ് പ്രായം. ജയചന്ദ്രന്റെ ആലാപന ജീവിതത്തിലെ രണ്ടാം ഘട്ടം അവിടെ തുടങ്ങുകയായിരുന്നു. വർധിത യുവത്വത്തോടെ അദ്ദേഹം പുതിയ തലമുറയിലെ സംഗീതസംവിധായകരുടെയും പ്രിയഗായകനായി മാറി. കാലത്തിന് പോറലേൽപിക്കാനാകാത്ത ശബ്ദമാധുര്യത്തോടെ പിന്നെയും നിരവധി ഗാനങ്ങൾ ജയചന്ദ്രന്റെ അനർഗള മധുരമായ ശബ്ദത്തിൽ പിറന്നു വീണു.
വേറിട്ട വഴിയിലൂടെയായിരുന്നു ജയചന്ദ്രന്റെ ഗാനസഞ്ചാരം. ഒരു ഒറ്റയാൻ വഴി. അംഗീകരിക്കേണ്ടവരെയെല്ലാം അദ്ദേഹം സന്തോഷപൂർവ്വം അഭിനന്ദിച്ചു. യേശുദാസ് അടക്കം മറ്റു ഗായകരുടെ പാട്ടുകൾ പാടാൻ അദ്ദേഹം ഒരിക്കലും മടി കാണിച്ചില്ല. അഭയം എന്ന ചിത്രത്തിൽ യേശുദാസ് പാടിയ
ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്തമാരബ്ധ ക്ലേശ രോമന്ഥം മമ സ്വാന്തം
എന്ന പാട്ട് പതിൻമടങ്ങു ഭാവതീവ്രതയോടെ ജയേട്ടൻ പല സ്വകാര്യ സദസ്സുകളിലും പാടിയിട്ടുണ്ട്.
സഹജമായ സാധാരണത്വവും ലാളിത്യവും ജയചന്ദ്രൻ എപ്പോഴും കൂടെ കൊണ്ടു നടന്നു.
എൺപതാം വയസ്സിൽ മരണത്തിനു കീഴടങ്ങിയെങ്കിലും ഏതോ സ്വപ്നവസന്തവനത്തിലെ ഏകാന്തപഥികന്റെ ഭാവഗാനങ്ങൾ മലയാളിയുടെ മനസ്സിൽ നിത്യയുവത്വത്തോടെ മുഴങ്ങിക്കൊണ്ടേയിരിക്കും.









0 comments