ജെയ്‌നമ്മ തിരോധാനം: സെബാസ്റ്റ്യനെ റിമാൻഡ് ചെയ്തു

Jainamma Murder Case
വെബ് ഡെസ്ക്

Published on Aug 13, 2025, 05:46 PM | 1 min read

കോട്ടയം: ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ പ്രതി സെബാസ്റ്റ്യനെ 26 വരെ കോടതി റിമാൻഡ്‌ ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമാണ്‌ ഏറ്റുമാനൂർ മജിസ്‌ട്രേറ്റ്‌ കോടതി സെബാസ്റ്റ്യനെ റിമാൻഡിൽ വിട്ടത്‌. അതേസമയം സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന്‌ ലഭിച്ച മൃതദേഹാവശിഷ്‌ടങ്ങളുടെ ഡിഎൻഎ ഫലം ലഭിച്ചതിന്‌ ശേഷമായിരിക്കും ക്രൈം ബ്രാഞ്ചിന്റെ തുടർനടപടികൾ. റിമാൻഡിൽ വിട്ടതിന്‌ പിന്നാലെ സെബാസ്റ്റ്യനെ കോട്ടയം ജില്ലാ ജയിലിലേക്ക്‌ മാറ്റി.


ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയുടെ തിരോധാനക്കേസ്‌ അന്വേഷണത്തിനിടെയിലാണ് ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യൻ പിടിയിലായത്. കോട്ടയം ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്ത്‌ ചോദ്യംചെയ്യലിൽ പ്രിതി കുറ്റം സമ്മതിച്ചില്ല. ജെയ്‌നമ്മയെ സെബാസ്‌റ്റ്യൻ കൊലപ്പെടുത്തിയതിന്‌ നിർണായകതെളിവ്‌ ലഭിച്ചിട്ടുണ്ട്‌. പിന്നാലെയാണ്‌ സെബാസ്‌റ്റ്യനെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റുചെയ്‌തത്‌.


​രണ്ടാംഘട്ട തെളിവെടുപ്പിനും ചോദ്യംചെയ്യലിനും കസ്‌റ്റഡിയിൽ വാങ്ങിയെങ്കിലും അന്വേഷണവുമായി സഹകരിക്കാത്ത സമീപനമായിരുന്നു ഇയാളുടേത്‌. സെബാസ്‌റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ മൂന്നുവർഷംമുമ്പ്‌ ഒരു കിണർ മൂടിയെന്ന വിവരം ലഭിച്ചിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് സംഘം ഇ‍ൗ സ്ഥലം കുഴിച്ച്‌ പരിശോധിക്കും.


​സെബാസ്‌റ്റ്യന്റെ സഹോദരന്റെ പേരിൽ ചേർത്തല നഗരത്തിലുള്ള പുരയിടത്തിലും പരിശോധനയുണ്ടാകും. അതേസമയം ചേർത്തല സ്വദേശിനികളായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനക്കേസിൽ പുതിയ വിവരങ്ങൾ ആലപ്പുഴ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചിട്ടില്ല. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും തിരോധാനത്തിന്‌ പിന്നിൽ സെബാസ്‌റ്റ്യനാണെന്നും വർഷങ്ങൾക്ക്‌ മുമ്പേ അന്വേഷകസംഘം സ്ഥിരീകരിച്ചതാണ്‌. എന്നാൽ കൃത്യമായ തെളിവ്‌ ലഭിക്കാത്തതാണ്‌ പ്രതിസന്ധി.


​ബിന്ദു ജീവിച്ചിരിപ്പില്ലെന്ന്‌ ഉറപ്പിച്ചാണ്‌ അവരുടെ കോടികൾ വിലയുള്ള ഭൂമി വ്യാജരേഖയുണ്ടാക്കി സെബാസ്‌റ്റ്യൻ വിറ്റത്‌. ഐഷയുടെ തിരോധാനത്തിൽ അവരുടെ അടുപ്പക്കാരായ മൂന്ന്‌ സ്‌ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികൾ നിർണായകമാകും.


​സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പിൽ രണ്ടുവട്ടം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥിക്കഷണം സംബന്ധിച്ച നിർണായക ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ജെയ്‌നമ്മയുടെ മാത്രമല്ല, ബിന്ദു പത്മനാഭന്റെയും ഐഷയുടെയും രക്തസാമ്പിൾ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home