കന്യാസ്ത്രീകളെ ജയിലിലടച്ച നടപടി മതനിരപേക്ഷ ഇന്ത്യയ്ക്ക് മേൽവീണ കറുത്ത കറ: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നടപടി മതനിരപേക്ഷ ഇന്ത്യയ്ക്ക് മേൽവീണ കറുത്ത കറയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബിജെപി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സിസ്റ്റർ വന്ദന ഫ്രാൻസിനും സിസ്റ്റർ പ്രീതി മേരിയ്ക്കും ഉണ്ടായിട്ടുള്ള അനുഭവം.
മാതാപിതാക്കളുടെ അനുവാദത്തോടെ നിർധനരായ രണ്ടു പെൺകുട്ടികളെ ജോലിക്കായി കൊണ്ടുപോകുമ്പോൾ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ഇവരെ കള്ളക്കേസിൽ കുടുക്കിയത്. മതവർഗീയ സംഘനയായ ബജ്രംഗ് ദളിന്റെ പ്രവർത്തകരെ വിളിച്ചുകൂട്ടി ട്രെയിൻ ടിക്കറ്റ് എക്‌സാമിനറാണ് ഇവരെ ആൾക്കൂട്ട വിചാരണയ്ക്ക് ഇട്ടുകൊടുത്തതെന്ന വിവരം ഞെട്ടിക്കുന്നതാണ്.
സ്റ്റാൻ സാമിയും ഗ്രെഹാം സ്റ്റെയിനുമൊക്കെ സമീപകാല ദുഃഖങ്ങളായി ഇന്നും നമുക്കു മുൻപിൽ ജീവിക്കുമ്പോൾ ഈ സംഭവത്തെ വെറും കള്ളക്കേസ് മാത്രമായി കാണാനാകില്ല. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസിനേയും പ്രീതി മേരിയേയും മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.









0 comments